23 November Saturday

ടെല​ഗ്രാം സിഇഒ പാവേൽ ദുരോവിന്റെ കസ്റ്റഡി കാലാവധി നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

image credit: Pavel Durov facebook

പാരിസ് > സാമൂഹമാധ്യമമായ ടെലഗ്രാമിന്റെ സിഇഒ പാവേൽ ദുരോവിന്റെ കസ്റ്റഡി നീട്ടി. ശനിയാഴ്ച വൈകിട്ട് പാരിസിലെ ലെ ബുർഗേ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ്‌ ചെയ്ത ദുരോവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് കസ്റ്റഡി നീട്ടിയത്. എന്നുവരെയാണ് കസ്റ്റഡി നീട്ടിയതെന്ന് വ്യക്തമല്ല.  കുറ്റകൃത്യങ്ങൾക്ക്‌ ടെലഗ്രാം ഉപയോഗിക്കുന്നത്‌ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന ആരോപണത്തിലാണ്‌ ദുരോവിനെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ഫ്രാൻസിന്റെ ഏജൻസി (ഒഎഫ്‌എംഐഎൻ) പവെൽ ദുറോവിന്‌ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.

മയക്കുമരുന്ന്‌, ആയുധക്കടത്ത്‌ എന്നിവയ്‌ക്കും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങളും പകർപ്പവകാശമുള്ള വിവരങ്ങളും പങ്കുവയ്‌ക്കാനും ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന്‌  പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണ ഏജൻസികളോട്‌ സഹകരിക്കാൻ ടെലഗ്രാം തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്‌. റഷ്യയിൽ ജനിച്ച ശതകോടീശ്വരനായ പവേൽ ദുറോവ്‌ 2013ൽ ആണ്‌ ടെലഗ്രാം തുടങ്ങിയത്‌.

ടെലഗ്രാമിൽ റഷ്യൻ സർക്കാർ നിരീക്ഷണം തുടങ്ങിയതോടെ 2014ൽ പവേൽ ദുറോവ്‌ രാജ്യംവിട്ടു. ഫ്രാൻസിന്റെയും യുഎഇയുടെയും പൗരത്വമുള്ള അദ്ദേഹം ദുബായിലാണ്‌ താമസം. പവേലിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ബന്ധപ്പെടാൻ അവസരമൊരുക്കണമെന്നും ഫ്രാൻസിനോട്‌ ആവശ്യപ്പെട്ടതായി റഷ്യൻ എംബസി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top