പാരിസ്
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ റിപ്പബ്ലിക്കൻസ് നേതാവ് മിഷേൽ ബാർണിയെയെ (73) പ്രധാനമന്ത്രിയായി നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ബ്രെക്സിറ്റ് ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ സംഘത്തെ നയിച്ചത് ഇദ്ദേഹമാണ്. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ ഇടതുസഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത മാക്രോണിന്റെ നടപടിയ്ക്കെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നു.
നാലുവട്ടം ക്യാബിനറ്റ് മന്ത്രിയായ ബാർണിയെ രണ്ടുവട്ടം യൂറോപ്യൻ കമീഷണറായിരുന്നു. തീവ്ര വലത്, തീവ്ര ദേശീയ നിലപാടുകൾ പിന്തുടരുന്നയാളാണ് ബാർണിയെ. അതുകൊണ്ടുതന്നെ, പാർലമെന്റിൽ തീവ്ര വലതുപക്ഷത്തിന്റെ പിന്തുണയുമുണ്ടാകും.
ജൂലൈ തെരഞ്ഞെടുപ്പിൽ ഇടതുപാർടികളുടെ സഖ്യമായ പോപ്പുലർ ഫ്രണ്ട് 190 സീറ്റും മാക്രോണിന്റെ എൻസെംബിൾ സഖ്യം 160 സീറ്റും ആദ്യവട്ടം മുന്നിലെത്തിയ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപാർടി നാഷണൽ റാലി 140 സീറ്റും നേടി. സ്വാഭാവികമായും സർക്കാർ രൂപീകരണത്തിന് ക്ഷണം ലഭിക്കേണ്ട ഇടതുസഖ്യത്തെ മാക്രോൺ തഴഞ്ഞു. ബാർണിയെക്കെതിരെ സഭയില്‍ അവിശ്വാസം വന്നാല്‍ തീവ്ര വലതുപാർടി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്ന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തീവ്ര വലതുപക്ഷത്തെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുക എന്ന സന്ദേശം തെരഞ്ഞെടുപ്പിലൂടെ നല്‍കിയ വോട്ടര്‍മാരെ മാക്രോണ്‍ വഞ്ചിച്ചെന്ന് ഇടതുസഖ്യം പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..