22 December Sunday

ഹെയ്‌തിയിൽ കൂട്ടക്കൊല; നവജാത ശിശുക്കളുൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

പോർട്ട്‌ ഒ പ്രിൻസ്‌ > ഹെയ്‌തിയിൽ ഗ്യാങ്‌ ആക്രമണത്തിൽ നവജാത ശിശുക്കളുൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു. രാജ്യ തലസ്ഥാനമായ പോർട്ട്‌ ഒ പ്രിൻസിൽ നിന്ന്‌ 71 കിലോമീറ്റർ അകലെയുള്ള പടിഞ്ഞാറൻ ഹെയ്‌തിയിലാണ്‌ സംഭവം. ആക്രമണത്തിൽ മരിച്ചവരിൽ 10 സ്‌ത്രീകളും മൂന്ന്‌ നവജായ ശിശുക്കളും ഉൾപ്പെടും. 16 പേർക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌.

യുഎൻ നൽകുന്ന റിപ്പോർട്ടുകളനുസരിച്ച്‌ ഗ്രാൻ ഗ്രിഫ്‌ ഗ്യാങ്ങിലെ അംഗങ്ങളാണ്‌ അക്രമണത്തിന്‌ പിന്നിൽ. വ്യാഴാഴ്‌ച അക്രമികൾ ജനങ്ങൾക്ക് മേൽ ഓട്ടോമാറ്റിക്‌ തോക്കുകളുപയോഗിച്ച്‌ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് യുഎൻ വക്താവ് തമീൻ അൽ ഖീതൻ പറഞ്ഞു. 45 വീടുകൾക്കും 34 വാഹനങ്ങൾക്കും നേർക്കായിരുന്നു ആക്രമണമുണ്ടായത്‌. വീടുകളും വാഹനങ്ങളും തകർന്ന നിലയിലാണ്‌.  

സംഭവത്തെ തുടർന്ന്‌ സ്ഥലത്തെത്തിയ ഹെയ്‌തി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി സംഘത്തിലെ രണ്ട്‌ പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.  നിരായുധരായ സ്‌ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള  ജനങ്ങൾക്കെതിരെയുള്ള ആക്രമണം ഹെയ്‌തി രാജ്യത്തിന്‌ തന്നെ എതിരെയുള്ള അക്രമണമാണെന്ന്‌ പ്രധാനമന്ത്രി ഗാരി കോനിൽ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top