ടെൽ അവിവ്
ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള അവസാനത്തേതും ഏറ്റവും മികച്ചതുമായ അവസരമാണ് നിലവിലുള്ളതെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള കൂടിക്കാഴ്ചയിലാണ് പരാമർശം.
ദോഹയിൽ രണ്ട് ദിവസമായി നടന്ന മധ്യസ്ഥ ചർച്ചകളുടെ തുടച്ചയായാണ് ബ്ലിങ്കൻ ഇസ്രയേലിലെത്തിയത്. യുഎസ്, ഖത്തർ, ഈജിപ്‌ത്, തുർക്കിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ച.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരുമായും ബ്ലിങ്കൻ കൂടിക്കാഴ്‌ച നടത്തി.
ഹമാസ് രാഷ്‌ട്രീയ സമിതി നേതാവ് ഇസ്‌മയിൽ ഹനിയയെ ഇസ്രയേൽ ഇറാനിൽവച്ച് കൊലപ്പെടുത്തിയതില്‍ തിരിച്ചടി ആസന്നമായതോടെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച വീണ്ടും സജീവമായത്. ഗാസയിലെ ജനവാസ മേഖലകളിൽനിന്ന് ഇസ്രയേൽ സേനയെ പൂർണമായി പിൻവലിക്കാതെ കരാർ സാധ്യമാകില്ലെന്ന് ഹമാസ് പ്രതികരിച്ചിട്ടുണ്ട്.
ഗാസയിൽ 40 പേർകൂടി കൊല്ലപ്പെട്ടു
വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഗാസയെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങളും തുടരുകയാണ്. 24 മണിക്കൂറിനിടെ ഗാസയിൽ 40 പേർ കൊല്ലപ്പെട്ടു. ഒക്‌ടോബർ ഏഴിനുശേഷം 40,139 പേരാണ് പലസ്‌തീനിൽ കൊല്ലപ്പെട്ടത്. ഹിസ്‌ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെടുകയും മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്‌തു.കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.
ടെൽ അവിവിൽ ചാവേർ ബോംബ് സ്‌ഫോടനം
ടെൽ അവിവ്‌സ്രയേൽ നഗരമായ ടെൽ അവിവിൽ ചാവേർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. യുഎസ് വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെടിനിർത്തൽ ചർച്ചകൾക്കായി ടെൽ അവിവിലെത്തി ഒരു മണിക്കൂറിനുശേഷമാണ് ടെൽ അവിവ് ലെഹി സ്‌ട്രീറ്റിൽ സ്‌ഫോടനം നടന്നത്. ഒരു വഴിയാത്രക്കാരന് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തതായും അൽ ഖുദ്‌സ് ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള ചാവേർ ബോംബ് സ്‌ഫോടനമാണ് നടന്നതെന്നും റിപ്പോർട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..