വാഷിങ്‌ടൺ> ഗാസയിലെ വെടിനിർത്തൽ–-ബന്ദിമോചന കരാറിലേക്ക് കൂടുതൽ അടുക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദോഹയിൽ രണ്ട് ദിവസമായി നടന്ന മധ്യസ്ഥ ചർച്ചകൾക്കുശേഷമാണ് പ്രതികരണം. മധ്യസ്ഥ ചർച്ചകൾ അടുത്തയാഴ്‌ച ഈജിപ്‌തിലെ കെയ്‌റോയിൽ നടക്കും. കരാർ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്‌ച ഇസ്രയേലിൽ എത്തുന്നുണ്ട്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തും. യുഎസ്, ഖത്തർ, ഈജിപ്‌ത്, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ച.
ബൈഡൻ മുന്നോട്ടുവച്ച കരട് കരാറിൽ ഇസ്രയേൽ നിബന്ധനകളും വ്യവസ്ഥകളും ചേർക്കുന്നത് തുടരുകയാണെന്നും യുദ്ധം അവസാനിപ്പിച്ച് ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായി പിൻവലിക്കാൻ സന്നദ്ധമായില്ലെങ്കിൽ തങ്ങൾ കരാറിൽ ഒപ്പിടില്ലെന്നും ഹമാസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മെയ് അവസാനം ബൈഡന്റെ നേതൃത്വത്തിൽ രൂപം നൽകിയ കരാറിനോടുള്ള പ്രതികരണം ജൂലൈയിൽ അറിയിച്ചിരുന്നുവെന്നും ആ ചട്ടക്കൂടിൽനിന്നുള്ള ചർച്ചകൾക്കേ തയ്യാറുള്ളുവെന്നും ഹമാസ് പ്രതികരിച്ചു. ചർച്ചകൾ തടസ്സപ്പെടുത്തുന്നതും പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നതും ഇസ്രയേലാണെന്നും ഹമാസ് ആരോപിച്ചു. സന്ധി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയും ഇസ്രയേൽ ആക്രമണവും രൂക്ഷമായി തുടരുകയാണ്. 69 പേർകൂടി കൊല്ലപ്പെട്ടതോടെ ഒക്‌ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,074 ആയി.
ഗാസയിൽ പോളിയോ
സ്ഥിരീകരിച്ചു
ഇസ്രയേൽ സൈന്യം കൂട്ടക്കുരുതി തുടരുന്ന ഗാസയിൽ കുട്ടികൾക്ക് പോളിയോ ഭീഷണിയും. കുട്ടികൾക്ക് പോളിയോവാക്‌സിൻ നൽകുന്നതിനായി താൽക്കാലിക വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതിന് പിന്നാലെ പോളിയോ സ്ഥിരീകരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം.
മരുന്നുകളും ശുചിത്വ പരിപാലന ഉൽപ്പന്നങ്ങളും കിട്ടാനില്ലാത്തതും മലിനജലവും മൃതദേഹങ്ങളും നിറഞ്ഞ തെരുവുകളും അപകട സാധ്യത വർധിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മേഖലയിൽ അടിയന്തരമായി പോളിയോ ക്യാമ്പയിൻ നടത്തണമെന്നും അതിന് അനുകൂല സാഹചര്യം സൃഷ്‌ടിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ മരുന്ന് നൽകുന്നതിനെ പിന്തുണയ്ക്കുന്നതായി ഹമാസ് അറിയിച്ചു. ഗാസയിലേക്കുള്ള കവാടങ്ങൾ അടച്ച ഇസ്രയേൽ യുഎന്നിന്റെയും മറ്റു സന്നദ്ധസംഘടനകളുടെ പ്രവർത്തകർക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..