22 December Sunday

ഗാസയിൽ 2 ദിവസത്തിൽ 
50 കുട്ടികൾ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ഗാസ സിറ്റി
ഗാസയിൽ വെടിനിർത്തലിനായി അന്താരാഷ്‌ട്ര സമൂഹം സമ്മർദം ചെലുത്തുന്നതിനിടയിലും കൂട്ടക്കുരുതി തുടർന്ന്‌ ഇസ്രയേൽ. രണ്ട്‌ ദിവസത്തിനിടെ ഗാസ മുനമ്പിലെ ജബലിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണ പരമ്പരയിൽ 50ൽഏറെ കുട്ടികൾ കൊല്ലപ്പെട്ടതായി യുനിസെഫ്‌ അറിയിച്ചു. നിരവധി പേർക്ക്‌ പരിക്കേറ്റു. ഗാസയിലെ പോളിയോ വാക്‌സിൻ വിതരണ കേന്ദ്രവും  ആക്രമിച്ചു. സൈന്യം ഗ്രനേഡ്‌ വർഷിച്ചതോടെ നാല്‌ കുട്ടികളടക്കം ആറുപേർക്ക്‌ പരിക്കേറ്റു.

  ഈ കുട്ടികളുടെ നില ഗുരുതരമാണ്‌. വാക്‌സിൻ കേന്ദ്രങ്ങളെ ലക്ഷ്യം വയ്‌ക്കില്ലെന്ന ഉറപ്പ്‌ ലംഘിച്ചായിരുന്നു ആക്രമണം. മേഖലയിൽ ഏറെ നാളായി നിർത്തിവച്ചിരുന്ന പോളിയോ വാക്‌സിനേഷൻ അടുത്തിടെയാണ്‌ പുനഃരാരംഭിച്ചത്‌. ഇസ്രയേൽ വംശഹത്യ തുടങ്ങിയ ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43,341 ആയി ഉയർന്നു.

1,02,105 പേർക്ക്‌ പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിൽ മരുന്നടക്കമുള്ള അവശ്യ സാധനങ്ങൾക്ക്‌ കടുത്ത ക്ഷാമമാണെന്നും അന്താരാഷ്‌ട്ര സമൂഹം മരുന്നുകളും കൂടുതൽ ആംബുലൻസുകളും എത്തിക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. വടക്കൻ ഗാസയിലാണ്‌ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷം.

2 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു


വടക്കൻ ഗാസയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട്‌ സൈനികർ കൊല്ലപ്പെട്ടതായും ഒരു സൈനികന്‌ ഗുരുതരമായി പരിക്കേറ്റതായും ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം 370 ആയി. ഒരു മാസത്തിനിടെ ജബലിയയിൽ 900 ഹമാസ്‌ പ്രവർത്തകരെ കൊലപ്പെടുത്തിയതായും ഇസ്രയേൽ സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു.

51 ബന്ദികൾ 
ജീവിച്ചിരിപ്പുണ്ടെന്ന്

ഹമാസ്‌ ബന്ദികളാക്കിയ 51 പേർ ഇപ്പോഴും ജീവനോടെയുണ്ടെന്ന്‌ ഇസ്രയേൽ രഹസ്യാന്വേഷണ റിപ്പോർട്ട്. ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സമ്മർദം ശക്തമാകുന്നതിനിടെയാണ്‌ റിപ്പോർട്ട് പുറത്തുവന്നത്‌. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന്‌ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിടെയാണ്‌ നിരവധി പേരെ ഹമാസ്‌ ബന്ദികളാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top