ഗാസ
ചികിത്സയും അഭയവും തേടിയെത്തിയവരുടെ മൃതദേഹങ്ങൾ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കുള്ളിലും പുറത്തുമായി ചിതറിക്കിടക്കുകയാണ്. ആശുപത്രിയുടെ ഒരുഭാഗം പൂർണ്ണമായി തകർന്നു. ഇസ്രയേൽ നടത്തിയ, യുദ്ധക്കുറ്റമായി ഗണിക്കപ്പെടുന്ന ആക്രമണത്തിന്റെ ബാക്കിപത്രമാണ് ആ വിറങ്ങലിച്ച കാഴ്‌ച്ചകൾ. ആശുപത്രികളും ആരോഗ്യപ്രവർത്തകരും അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നവരാണെന്ന മര്യാദപോലും ലംഘിക്കപ്പെട്ടു. എല്ലാ ആശുപത്രികളിലും ദുരന്തകാഴ്‌ചകളാണുള്ളത്. മിനിട്ടുകളുടെ വ്യത്യാസത്തിൽ ചോരയൊലിക്കുന്ന കൂടുതൽ ആളുകളുമായി വണ്ടികളെത്തുന്നു. കൈയും കാലുമില്ലാത്ത ശരീരങ്ങൾ. കുതിരവണ്ടികളിലും റിക്ഷകളിലുമായി അടുത്തുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിക്കുന്നവരിൽ ജീവന്റെ തുടിപ്പെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിലാണ് ആരോഗ്യപ്രവർത്തകർ. മൃതദേഹങ്ങളിൽ പലതും പല കഷണങ്ങളായാണ് എത്തുന്നത്. ഇവ ജനങ്ങളുടെ സഹായത്തോടെ കെട്ടിടത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുന്നു. ശേഷം ഗുരുതര പരിക്കുകൾ ഏറ്റവരിലേക്ക്. അനസ്‌തേഷ്യക്കുള്ള മരുന്നില്ലാത്തതിനാൽ അവ നൽകാതെതന്നെ ശസ്ത്രക്രിയകൾ–- അതും ആശുപത്രി വരാന്തയിലും ഇടനാഴികളിലും വച്ച്.
ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തുന്ന ഗാസ തെരുവികളെക്കാൾ വലിയ യുദ്ധഭൂമികളാണ് ഇപ്പോൾ അവിടുത്തെ ഓരോ ചികിത്സാകേന്ദ്രവും. 30 പ്രധാന ആശുപത്രികളാണ് ഇവിടെയുള്ളത്. യുദ്ധം ആരംഭിച്ചതുമുതൽ 48 ആരോഗ്യകേന്ദ്രങ്ങൾ തകർന്നു. ആരോഗ്യപ്രവർത്തകരും വൻതോതിൽ ആക്രമിക്കപ്പെടുന്നു. ഏഴുമുതൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വേദനാസംഹാരികൾ പോലും തീർന്ന അവസ്ഥയാണ്.
പരിമിത വിഭവങ്ങളുമായി മല്ലടിക്കുന്ന ഈ ആശുപത്രികളിലേക്കാണ് ചൊവ്വ രാത്രിയുണ്ടായ ആശുപത്രി ആക്രമണത്തിൽ പരിക്കേറ്റ നൂറുകണക്കിന് ആളുകളെ എത്തിച്ചത്. പലർക്കും ശസ്ത്രക്രിയ ആവശ്യമാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ കുറവ് ചികിത്സ ദുഷ്കരമാക്കുന്നു. തങ്ങളുടെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്ന വീഡിയോകൾ ആശുപത്രി ജീവനക്കാർതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.
മൃതദേഹങ്ങൾക്കു
നടുവിൽ ഡോക്ടർമാരുടെ
വാർത്താ സമ്മേളനം
ഇസ്രയേൽ റോക്കറ്റ് ആക്രമണത്തിൽ തകർന്ന ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിൽ മൃതദേഹങ്ങൾക്കു നടുവിൽ വാർത്താ സമ്മേളനം നടത്തി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അധികൃതർ. രോഗികളും അഭയംതേടി എത്തിയവരുമടക്കം അഞ്ഞൂറിലേറെ പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ‘വൻ സ്‌ഫോടനം കേട്ടാണ് അവിടേക്ക് ഓടിയെത്തിയത്. ചിന്നിച്ചിതറിയ നിലയിൽ കുട്ടികളടക്കമുള്ളവരുടെ ശരീരമാണ് കണ്ടത്. മൃതദേഹങ്ങളും അറ്റുചിതറിയ ശരീരഭാഗങ്ങളും നിറഞ്ഞിരിക്കുകയാണ് ആശുപത്രി മുറികളിൽ’–- ഒരു ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയിലോ ഭാവനയിലോ ഇതുപോലൊരു ദുരന്തം ഇതുവരെ താൻ കണ്ടിട്ടില്ലെന്ന് ഒരു മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. മനുഷ്യമനസ്സുകൾക്ക് സങ്കൽപ്പിക്കാനാകാത്തതാണ് ഈ ക്രൂരതയെന്നും അദ്ദേഹം പറഞ്ഞു.
ആക്രമിക്കപ്പെട്ട അൽ അഹ്‌ലി അറബ് ആശുപത്രിയിൽ
മൃതദേഹങ്ങൾക്കുമുന്നിൽ നിന്ന് വാർത്താസമ്മേളനം നടത്തുന്ന ഡോക്ടർമാർ
ലോകമെങ്ങും
പ്രതിഷേധം
ഗാസയിലെ ആശുപത്രയിലേക്കുണ്ടായ റോക്കറ്റ് ആക്രമണത്തിനു തൊട്ടു പിന്നാലെ, ഇസ്രയേലിനെതിരെ ലോകമെമ്പാടും പ്രതിഷേധം. ഇസ്രയേൽ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, യുഎഇ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങൾ ഇസ്രയേലിനെതിരെ പ്രസ്താവനയിറക്കി. ലബനൻ, ഇറാഖ്, ജോർദാൻ, കുവൈത്ത്, ഈജിപ്ത്, ടുണീഷ്യ, ഇറാൻ, തുർക്കി, യമൻ എന്നിവിടങ്ങളിലും വൻ പ്രതിഷേധമുണ്ടായി. ഇസ്രയേൽ വ്യാപക അറസ്റ്റും ആക്രമണങ്ങളും നടത്തുന്ന വെസ്റ്റ് ബാങ്കിലെ റാമള്ളയിലും വലിയ പ്രതിഷേധമുണ്ടായി. പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
ജോർദാനിൽ പലസ്തീൻ അനുകൂലികൾ ഇസ്രയേൽ എംബസിക്കുമുന്നിൽ പ്രതിഷേധിച്ചു. കെയ്‌റോയിലെ യുഎസ്, യുകെ എംബസികൾക്കു മുന്നിലും പ്രതിഷേധമുണ്ടായി. ഇസ്രയേലിന് രണ്ടു രാജ്യവും സഹായം നൽകുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം ഈജിപ്ത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.ലബനനിലെ ബെയ്‌റൂട്ടിൽ ഹിസ്‌ബുള്ള പ്രതിഷേധിച്ചു. യുഎസ്, ഫ്രാൻസ് എംബസികൾക്ക് മുന്നിലും പ്രതിഷേധമുണ്ടായി. ഇറാഖിലെ ബാഗ്‌ദാദിലും ജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. ഇസ്രയേൽ യുദ്ധക്കുറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്‌റാനിലെ ഫ്രഞ്ച്, ബ്രിട്ടീഷ് എംബസികൾക്കുമുന്നിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
പ്രതിരോധമില്ലാത്ത സാധാരണക്കാർക്കെതിരായ ഹീനമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് ഖത്തർ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്‌താംബൂളിൽ തുർക്കി കമ്യൂണിസ്റ്റ് പാർടി പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. പ്രതിഷേധക്കാർ ഇസ്രയേൽ കോൺസുലേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെത്തുടർന്ന് തുർക്കിയ പൊലീസ് ഇടപ്പെട്ടു. വെസ്റ്റ്‌ബാങ്കിലെ റാമല്ലയിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി.
വീണ്ടും ആക്രമണം
ആശുപത്രിയിലേക്ക് ചൊവ്വ രാത്രിയുണ്ടായ റോക്കറ്റ് ആക്രമണത്തിനു പിന്നാലെ, ഗാസയിലേക്ക് ഇസ്രയേൽ നടത്തിയ മറ്റ് ആക്രമണങ്ങളിൽ ബുധനാഴ്ച 55 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കൻ മേഖലയിലെ ജബാലിയയിലെ വീടുകളിലേക്ക് നടത്തിയ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലുണ്ടായ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 12 പേർ കൊല്ലപ്പെട്ടു. മറ്റൊരു ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ബാനി സുഹൈല, ഗാസ തുറമുഖം തുടങ്ങിയ ഇടങ്ങളിൽ നടത്തിയ ആക്രമണങ്ങളിലാണ് മറ്റുള്ളവർ കൊല്ലപ്പെട്ടത്. ഏഴുമുതൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 4500 ഭവനസമുച്ചയം, 12,000 വീട് എന്നിവ തകർന്നു. 3300 പേർ കൊല്ലപ്പെട്ടു. 12,500 പേർക്ക് പരിക്കേറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..