26 December Thursday

യു എൻ 
മുന്നറിയിപ്പ്‌: ഗാസ പൂർണ തകർച്ചയുടെ വക്കിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

ജറുസലേം> ഇസ്രയേൽ ആക്രമണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാനവിക ദുരന്തത്തിലേക്ക്‌ നീങ്ങുകയാണ്‌ ഗാസയെന്ന്‌ ഐക്യരാഷ്ട്ര സംഘടന. ഗാസ ഞെരിഞ്ഞമരുകയാണെന്നും ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളുമില്ലാതെ ആയിരങ്ങൾ മരിക്കുമെന്നും പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി (യുഎൻആർഡബ്ല്യുഎ) കമീഷണർ ജനറൽ ഫിലിപ്പ്‌ ലസാറിനി പറഞ്ഞു. പൂർണ തകർച്ചയുടെ വക്കിലാണ്‌ ഗാസയെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

‘മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ബോഡി ബാഗുകൾപ്പോലും ഇല്ലാത്ത അവസ്ഥയാണ്‌. കുടുംബങ്ങൾ ശിഥിലമാക്കപ്പെടുന്നു. തെക്കൻ മേഖലയിലെ യുഎൻ സ്കൂളുകൾ അഭയാർഥികളാൽ നിറഞ്ഞു. വലിയ മാനവികദുരന്തമാണ്‌ നമ്മുടെ മുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ശനിവരെ ആറുലക്ഷം പേർ ഭവനരഹിതരായി. ഇതിൽ മൂന്നുലക്ഷംപേരും അഭയാർഥി ക്യാമ്പുകളിലാണുള്ളത്‌. ഞായർമുതൽ ആക്രമണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്‌ ഇസ്രയേൽ. ഏജൻസിയുടെ ഗാസയിലെ 13,000 ജീവനക്കാരും ഇപ്പോൾ റാഫയിലെ അഭയാർഥി ക്യാമ്പുകളിലാണ്‌. ഇനിയും അഭയാർഥികൾ എത്തിയാൽ നൽകാനുള്ള ഭക്ഷണംപോലുമില്ല. നൂറുകണക്കിനുപേർക്ക്‌ ഒറ്റ ശൗചാലയമാണുള്ളത്‌. കൂടുതൽ നാശമുണ്ടാകുംമുമ്പ്‌ ഉപരോധം പൂർണമായും പിൻവലിക്കണം’–- അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിൽ മാലിന്യം കുന്നുകൂടിയ നിലയിലാണ്‌. കുടിവെള്ളമില്ലാത്തതിനാൽ ജനങ്ങൾ ഉപ്പുവെള്ളം കുടിച്ച്‌ ജീവിക്കുകയാണ്‌.

ആരോഗ്യകേന്ദ്രങ്ങൾ തകർത്ത്‌ ഇസ്രയേൽ

ഗാസയിലും വെസ്റ്റ്‌ ബാങ്കിലും ആരോഗ്യകേന്ദ്രങ്ങൾക്കുനേരെ തുടർ ആക്രമണം നടത്തി ഇസ്രയേൽ. യുദ്ധം ആരംഭിച്ചതുമുതൽ ഗാസയിലെ 48 ആരോഗ്യകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട്‌ ചെയ്തു. 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. 20 പേർക്ക്‌ പരിക്കേറ്റു. പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ 12 ജീവനക്കാരും കൊല്ലപ്പെട്ടു. വെസ്റ്റ്‌ ബാങ്കിൽ ഇക്കാലയളവിൽ 63 ആരോഗ്യകേന്ദ്രങ്ങളാണ്‌ ആക്രമിക്കപ്പെട്ടത്‌. വെള്ളിയാഴ്ചവരെ ഗാസയിലെ 144 വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top