22 December Sunday

ഗാസയിൽ പോളിയോ തുള്ളിമരുന്ന് വിതരണം നിര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


ഗാസ സിറ്റി
ഇസ്രയേൽ കടുത്ത ബോംബാക്രമണം തുടരുന്നതിനാൽ ഗാസയിൽ പോളിയോ വാക്സിൻ വിതരണം മാറ്റിവയ്ക്കുന്നതായി ലോകാരോഗ്യ സംഘടന. ബുധനാഴ്ച ആരംഭിക്കേണ്ടിയിരുന്ന അവസാനഘട്ട വാക്സിനേഷനിൽ 1.19 ലക്ഷം കുട്ടികൾക്ക്‌ തുള്ളിമരുന്ന്‌ നല്‍കാനുള്ള നീക്കമാണ് നിര്‍ത്തിവച്ചത്. വടക്കൻ മേഖലയിൽ ഇസ്രയേൽ ആക്രമണത്തില്‍ കെട്ടിടങ്ങളടക്കം വൻതോതിൽ തകർക്കപ്പെട്ടതോടെ തുള്ളിമരുന്ന് വിതരണം തുടരാനാകില്ലെന്നും ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു.
വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ മാത്രം 19 ദിവസമായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ  770 പേര്‍ കൊല്ലപ്പെട്ടു. ഗാസയിൽ ആക്രമണം അവസാനിപ്പിക്കേണ്ട സമയമായെന്ന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽ അവീവിൽ പ്രതികരിച്ചു. ബ്ലിങ്കൻ താമസിച്ച ഹോട്ടലിന്‌ സമീപത്തേക്കും ലബനനിൽനിന്ന്‌ റോക്കറ്റ്‌ ആക്രമണം ഉണ്ടായതായി.

ഹാഷിം സഫീദീൻ 
കൊല്ലപ്പെട്ടു
ഹിസ്‌ബുള്ളയുടെ അടുത്ത മേധാവിയെന്ന്‌ കരുതപ്പെട്ട ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ഹിസ്‌ബുള്ള. ബങ്കറുകൾ തകർത്ത്‌ ഇദ്ദേഹത്തെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു. നസറള്ളയെ വധിച്ച ബങ്കറിൽനിന്ന്‌ വൻതോതിൽ പണം ലഭിച്ചതായ ഇസ്രയേൽ അവകാശവാദത്തിന്‌ തെളിവ് ലഭിച്ചിട്ടില്ലെന്ന്‌ അമേരിക്ക പറഞ്ഞു. അതിനിടെ, ലബനനിലേക്ക്‌ 24 മണിക്കൂറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു.

ഗാസയെ പഴയപടിയാക്കാൻ 350 വർഷം 
വേണ്ടിവരുമെന്ന്‌ യുഎൻ
ഇസ്രയേലിന്റെ കടന്നാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസ പുനർനിർമിക്കാൻ 350 വർഷം വേണ്ടിവരുമെന്ന്‌ പഠനം. യുഎന്നിന്റെ  വാണിജ്യ വികസന കോൺഫറൻസ്‌ തിങ്കളാഴ്‌ച  പുറത്തുവിട്ട റിപ്പോർട്ടിലാണ്‌ യുദ്ധത്തിനുമുമ്പുള്ള സാമ്പത്തികസ്ഥിതിയിലേക്ക്‌ ഗാസയെ എത്തിക്കാൻ മൂന്നര നൂറ്റാണ്ടിന്റെ പരിശ്രമം വേണ്ടിവരുമെന്ന കണ്ടെത്തൽ. ​ഗാസയില്‍ 1850 കോടി ഡോളറിന്റെ (പതിനഞ്ചരലക്ഷം കോടി രൂപ) നാശനഷ്ടങ്ങളുണ്ടായതായി ജനുവരിയിൽ ലോകബാങ്ക്‌ അറിയിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top