റാമള്ള > ഗാസ ആക്രമണം നാൾക്കുനാൾ ശക്തമാക്കുന്ന ഇസ്രയേൽ, വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും പലസ്തീൻകാരെയും വ്യാപകമായി ആക്രമിക്കുന്നതായി റിപ്പോർട്ട്. ഹമാസ് ആക്രമണം നടത്തിയ ഏഴുമുതൽ വെസ്‌റ്റ് ബാങ്കിൽ 700-ൽ അധികം പലസ്തീൻകാരെയാണ് ഈ രണ്ടു മേഖലയിൽനിന്ന് ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തത്. ഇത് യുദ്ധത്തിന് മുമ്പ് ഇസ്രയേൽ സൈന്യം അറസ്‌റ്റ് ചെയ്തവരുടെ മൂന്നിരട്ടിയാണെന്ന് പലസ്തീൻകാരുടെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ റാമള്ളയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അറസ്‌റ്റ് ചെയ്യപ്പെട്ടവരിൽ 25 ശതമാനവും പ്രായപൂർത്തിയാകാത്തവരാണ്. ചൊവ്വാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിനിടെ പലസ്തീൻ കൗമാരക്കാരനെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് വടക്കുള്ള സ്‌കൂളിൽ റെയ്‌ഡ് നടത്തിയ ഇസ്രയേൽ സൈന്യം ഒറ്റ രാത്രികൊണ്ട് അമ്പതി-ലധികം പലസ്തീൻകാരെ അറസ്റ്റ് ചെയ്തു. ഇസ്രയേൽ അതിർത്തി അടച്ചതോടെ മടങ്ങാനാകാതെ കുടുങ്ങിയ ഗാസയിൽനിന്നുള്ള പലസ്തീൻ തൊഴിലാളികളാണ് ഇവർ.
ഇവരുടെ കുടുംബങ്ങൾ റാമള്ളയിലെ റെഡ് ക്രോസ് ഓഫീസിനുമുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.
ഇസ്രയേൽ സൈന്യം വധിച്ച പലസ്തീൻകാരുടെ മൃതദേഹങ്ങൾപോലും വിട്ടുകൊടുക്കാതെ വിലപേശൽ വസ്തുവായി പിടിച്ചുവച്ചിരിക്കുകയാണെന്നും മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായ രാജ്യം പതിറ്റാണ്ടുകളായി മൃതദേഹങ്ങൾ വച്ച് വിലപേശുന്നത് ചർച്ചയാകാതെ പോകുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെയും കാപട്യമാണ് വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു. വെസ്റ്റ് ബാങ്കിൽ ആക്രമിക്കപ്പെടുന്ന പലസ്‌തീൻ മാധ്യമ പ്രവർത്തകരുടെ എണ്ണവും വർധിച്ചു. മാധ്യമപ്രവർത്തകർക്ക് നേരെ 50 ആക്രമണങ്ങൾ നടന്നതായി പലസ്‌തീനിയൻ ജേണലിസ്റ്റ് യൂണിയൻ പറഞ്ഞു. ഗാസയിൽ മൂന്ന് മാധ്യമപ്രവർത്തകരെ കാണാതായി. 50 മാധ്യമസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തകർത്തു. വൈദ്യുതി ഇല്ലാത്തതിനാൽ 22 റേഡിയോ സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ചു–- യൂണിയൻ പറഞ്ഞു.
ഗാസയിൽ മനുഷ്യാവകാശ
പ്രതിസന്ധിയില്ലെന്ന് ഇസ്രയേൽ
ടെൽ അവീവ് > ഇസ്രയേലിന്റെ കര, നാവിക, വ്യോമ ആക്രമണങ്ങൾ നേരിടുന്ന ഗാസയിൽ മനുഷ്യാവകാശ പ്രതിസന്ധിയില്ലെന്ന് അവകാശപ്പെട്ട് ഇസ്രയേൽ സൈനിക വക്താവ് ലഫ്‌റ്റനന്റ് കേണൽ റിച്ചാർഡ് ഹെച്ച്. വർഷങ്ങളായി ഗാസ ഹമാസിന്റെ നിയന്ത്രണത്തിലാണെന്നും അവിടേക്ക് വൈദ്യുതി എത്തിക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നും അദ്ദേഹം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഗാസയിൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ച ഇസ്രയേൽ, അവിടേക്കുള്ള കുടിവെള്ള, ഭക്ഷണ, ഇന്ധന വിതരണം പൂർണമായും തടഞ്ഞിരിക്കുകയാണ്. ശുദ്ധജലമില്ലാതെ ജനങ്ങൾ ഉപ്പുവെള്ളം കുടിക്കുകയാണെന്നും ജലജന്യരോഗങ്ങൾ പടരുമെന്നും യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഗാസയിലെ ജനങ്ങൾക്ക് അവശ്യസേവനങ്ങൾ എത്തിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ഉയരുമ്പോഴാണ് അവിടെ മനുഷ്യാവകാശ പ്രതിസന്ധിയൊന്നുമില്ലെന്ന സൈനിക വക്താവിന്റെ അവകാശവാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..