ടിബിലിസി
യൂറേഷ്യൻ രാജ്യമായ ജോർജിയയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ജോർജിയൻ ഡ്രീംപാർടിക്ക് വിജയം. 54.08 ശതമാനം വോട്ടുനേടിയാണ് ജയം. പാശ്ചാത്യഅനുകൂല പ്രതിപക്ഷ സഖ്യത്തിന് 37.58 ശതമാനം വോട്ടുമാത്രം നേടാനെ കഴിഞ്ഞുള്ളൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ജോർജി കലന്തരിഷ്-വ്-ലി പറഞ്ഞു. 150 അംഗ പാർലിമെന്റിൽ 91 സീറ്റും ഭരണകക്ഷി നേടി. അതേസമയം തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്നും ഫലം അംഗീകരിക്കില്ലെന്നും പ്രതിപക്ഷസഖ്യം അറിയിച്ചു.
ജോർജിയയ്ക്ക് യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള അവസരം ഒരുക്കുന്നതാകണം തെരഞ്ഞെടുപ്പ് ഫലമെന്ന് യൂറോപ്യൻ യൂണിയൻ ആഹ്വാനം ചെയ്‌തിരുന്നു. 2012 മുതൽ അധികാരത്തിലുള്ള ജോർജിയൻ ഡ്രീം പാർടി അവരുടെ പാശ്ചാത്യ അനുകൂല നയങ്ങൾ മാറ്റംവരുത്തിയിരുന്നു. നിലവിൽ റഷ്യയെ പിന്തുണയ്‌ക്കുന്നുവെന്ന പേരിൽ യൂറോപ്യൻ രാജ്യങ്ങളുടെ കണ്ണിലെ കരടാണ് ജോർജിയൻ ഡ്രീം പാർടി. റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യംകൂടിയാണിത്. കോടീശ്വരനായ വ്യവസായി ബിഡ്‌സിന ഇവാനിഷ്‌വിലിയാണ് നേതാവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..