22 December Sunday

"ഗുഡ്‌ബൈ, അമേരിക്ക’: ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ നിരാശ അറിയിച്ച് താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ന്യൂയോർക്ക് > അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന കമലാ ഹാരിന്റെ പ്രചാരണയോ​ഗങ്ങളിലെ താരപങ്കാളിത്തം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഹോളിവുഡ് നടി ജൂലിയ റോബർട്ട്‌സ്, പോപ്പ് താരം ബിയോൺസ്, ഗായികയും അഭിനേത്രിയുമായ ജെന്നിഫർ ലോപസ്, ഗായകനും സാമൂഹ്യപ്രവർത്തകനുമായ ബ്രൂസ് സ്പ്രിങ്സ്റ്റീൻ എന്നിങ്ങനെ അമേരിക്കൻ താരങ്ങളുടെ ഒരു നീണ്ട നിരതന്നെ കമലക്കൊപ്പം പ്രാചാരണ പ്രവർത്തനങ്ങളിൽ അണി നിരന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ജയിച്ചതോടെ അത് ഹോളിവുഡിലുടനീളം ഞെട്ടലായി മാറിയിരിക്കുകയാണ്. ട്രംപിന്റെ വിജയത്തിൽ നിരാശയും രോഷവും പങ്കുവെച്ച് നിരവധി അമേരിക്കൻ താരങ്ങളാണ് രം​ഗത്തു വന്നുകൊണ്ടിരിക്കുന്നത്.

കൂടുതൽ നിയന്ത്രിതവും ഭയാനകവുമായ സാഹചര്യത്തിലേക്ക് അമേരിക്ക തിരിച്ചുപേകുന്നു എന്നായിരുന്നു അഭിനേത്രിയും ഓസ്കാർ ജേതാവുമായ ജാമി ലീ കർട്ടിസ് തന്റെ സോഷ്യൽമീഡിയയിൽ കുറിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾ ഇനി കൂടുതൽ ഭയപ്പെടും. നമ്മൾ ഉണർന്ന് പോരാടുകയാണ് വേണ്ടത്. സ്ത്രീകൾക്കും നമ്മുടെ കുട്ടികൾക്കും അവരുടെ ഭാവിക്കും വേണ്ടി പോരാടുക, സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക, എല്ലാ നേരത്തും പോരാടുക ജാമി ലീ കർട്ടിസ് കുറിച്ചു. ബലാത്സംഗ കുറ്റവാളിയും ഹിറ്റ്ലറുടെ അനുയായിയുമായ ഒരാളെ വോട്ട് ചെയ്ത് തെരഞ്ഞെടുത്തുകൊണ്ട് രാജ്യം സ്വയം നശിക്കുകയാണെന്ന് പ്രശസ്ത ഹോളിവുഡ് നടൻ ജോൺ കുസാക്ക് പ്രതികരിച്ചു.

ട്രംപിന്റെ ഭരണത്തിനു കീഴിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചാണ് ഡെഡ് ടു മി, മാരീഡ്...വിത്ത് ചിൽഡ്രൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരം ക്രിസ്റ്റീന ആപ്പിൾഗേറ്റ് ആശങ്കപ്പെട്ടത്. "എൻ്റെ കുട്ടി കരയുകയാണ്, കാരണം ഒരു സ്ത്രീയെന്ന നിലയിൽ അവളുടെ അവകാശങ്ങൾ അപഹരിക്കപ്പെട്ടേക്കാം" എന്നായിരുന്നു ക്രിസ്റ്റീന സമൂഹമാധ്യമത്തിൽ കുറിച്ചത്. വിയോജിക്കുന്നവർ ദയവായി തന്നെ ഫോളോ ചെയ്യാതിരിക്കാനും അവർ ആവശ്യപ്പെട്ടു.

കാർഡി ബി, ആരിയാന ഗ്രാൻഡെ, ബില്ലി ഐലിഷ്

കാർഡി ബി, ആരിയാന ഗ്രാൻഡെ, ബില്ലി ഐലിഷ്

"സ്ത്രീകൾക്കെതിരായ യുദ്ധം" എന്നാണ് ട്രംപിന്റെ വിജയത്തെ അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബില്ലി ഐലിഷ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പു ഫലത്തിൽ അളവറ്റ നിരാശ അനുഭവിക്കുന്ന ഓരോ വ്യക്തിയോടും ചേർന്നു നിൽക്കുന്നുവെന്ന് എന്ന് ഗായികയും അഭിനേത്രിയുമായ ആരിയാന ഗ്രാൻഡെ ഇൻസ്റ്റാഗ്രാമിൽ എഴുതി.
‌‌
ദി വയർ അടക്കം നിരവധി സീരീസുകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനായ നടൻ വെൻഡൽ പിയേഴ്‌സ് ട്രംപിൻ്റെ കീഴിലെ അമേരിക്കയെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഈ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് പറഞ്ഞ പിയേഴ്‌സ് ട്രംപിൻ്റെ വംശീയ, സ്ത്രീവിരുദ്ധ മനോഭാവത്തെയും  അന്യമതവിദ്വേഷത്തെയും വിമർശിച്ചു. കമലാ ഹാരിസിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്നായിരുന്നു ഓസ്‌കാർ ജേതാവ് വിയോള ഡേവിസ് പറഞ്ഞത്.

ട്രംപിന്റെ വിജയം പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണെന്ന് ഗായിക എഥൽ കെയ്ൻ  പറഞ്ഞു. ട്രംപിന്റെ വോട്ടർമാർ എല്ലാക്കാലത്തും തങ്ങളുടെ ചെയ്തികളെ ഓർത്ത് വേദനിക്കുമെന്നും കുറ്റബോധം അവരെ വേട്ടയാടുമെന്നും അവർക്ക് ഒരിക്കലും സമാധാനം കണ്ടെത്താനാകില്ലെന്നും എഥൽ കെയ്ൻ പറഞ്ഞു.

ജാമി ലീ കർട്ടിസ്, ക്രിസ്റ്റീന ആപ്പിൾഗേറ്റ്, എഥൽ കെയ്ൻ

ജാമി ലീ കർട്ടിസ്, ക്രിസ്റ്റീന ആപ്പിൾഗേറ്റ്, എഥൽ കെയ്ൻ



ട്രംപിന്റെ പേരു പറയില്ലെന്നായിരുന്നു അമേരിക്കൻ ടോക്ക് ഷോയായ ദി വ്യൂൽ അവതാരകയും അഭിനേത്രിയുമായ വൂപ്പി ഗോൾഡ്ബെർഗ്  നിലപാടെടുത്തത്. “അയാളാണ് പ്രസിഡന്റ്. ഞാൻ ആ പേര് പറയാൻ പോകുന്നില്ല“ എന്ന് വൂപ്പി ഗോൾഡ്ബെർഗ് ഷോയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം തന്നെ അഗാധമായി അസ്വസ്ഥമാക്കുന്നുവെന്ന് വൂപ്പി ഗോൾഡ്ബെർഗിനൊപ്പം ഷോയിലുണ്ടായിരുന്ന മറ്റൊരു അവതാരക സണ്ണി ഹോസ്റ്റിനും പറഞ്ഞു.

കമലാ ഹാരിസിനായി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത റാപ്പർ കാർഡി ബി ഐ ഹേറ്റ് യു ഓൾ ബാഡ് എന്ന് ക്യാപ്ഷനോടെയായിരുന്നു തെരഞ്ഞെടുപ്പ് ഫലം കാണുന്ന വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. ട്രംപിൻ്റെ സ്ഥാനാരോഹണ വേളയിൽ സ്റ്റേജിൽ പ്രത്യക്ഷപ്പെടുമോ എന്ന് ലൈവിനിടെ ചോദിച്ച ഫോളോവർക്കു നേരെ കാർഡി അസഭ്യവർഷവും നടത്തി.

വെൻഡൽ പിയേഴ്‌സ്, ജോൺ കുസാക്ക്, ഫിലിപ്പ് പുൾമാൻ

വെൻഡൽ പിയേഴ്‌സ്, ജോൺ കുസാക്ക്, ഫിലിപ്പ് പുൾമാൻ



പോയ വർഷം ഡെമോക്രാറ്റിക് പാർടി എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഡോണ്ട് ലുക്ക് അപ്പ് ഡയറക്ടർ ആദം മക്കേ നിരാശ പ്രകടിപ്പിച്ചു. “​ഗുഡ് ബൈ അമേരിക്ക. നിങ്ങളെ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്” എന്നായിരുന്നു ബ്രിട്ടീഷ് എഴുത്തുകാരനായ ഫിലിപ്പ് പുൾമാൻ എക്സിൽ കുറിച്ചത്. രചയിതാവ് സ്റ്റീഫൻ കിങ്ങും ഡയറക്ടറും ഡേവിഡ് ബോവിയുടെ മകനുമായ ഡങ്കൻ ജോൺസും ട്രംപിന്റെ വിജയത്തിൽ നിരാശ പ്രകടിപ്പിച്ചു രം​ഗത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top