മോസ്കോ> യജമാനൻ മരിച്ചതറിയാതെ അദ്ദേഹത്തിനായി 10 വർഷം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന ഹാച്ചിക്കോയെ മറക്കാനിടയില്ല. മനുഷ്യന്റെയും നായയുടെയും സ്നേഹബന്ധത്തിന്റെ പ്രതീകം കൂടിയാണ് ഹാച്ചിക്കോ. ഹാച്ചിക്കോയെ പോലെ മരിച്ചുപോയ ഉടമയെയും കാത്ത് കൊടുംമഞ്ഞിൽ കാത്തിരിക്കുകയാണ് റഷ്യയിലെ ഒരു നായ.
റഷ്യയിലെ ബെല്‍ക എന്ന നായയാണ് തന്റെ യജമാനന്റെ വേർപാടറിയാതെ കാത്തിരുന്നു ലോകത്തിന്റെ കണ്ണുനനയിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബെൽകയുടെ കഥ ലോകമറിയുന്നത്. തണുത്തുറഞ്ഞ ഐസ് പാളികള്‍ക്കുമുകളില്‍ രാത്രിയിലും തനിച്ചിരിക്കുന്ന ബെല്‍കയുടെ ചിത്രം കരളലിയിക്കുന്നതാണ്.
നായയുടെ 59കാരനായ ഉടമ റഷ്യയിലെ ഉഫ മേഖലയിലെ തണുത്തുറഞ്ഞ നദിക്ക് സമീപം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു. മഞ്ഞുപാളികൾ പെട്ടെന്ന് വഴിമാറിയപ്പോൾ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നയാൾ രക്ഷിക്കാൻ ശ്രമിച്ചിട്ടും ഒഴുക്ക് വളരെ ശക്തമായതിനാൽ പരാജയപ്പെടുകയായിരുന്നു. 4 ദിവസത്തെ തിരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകർക്ക് യുഫാ നദിയുടെ താഴെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ തന്‍റെ പ്രിയപ്പെട്ട ഉടമ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ നദീതീരത്ത് കാത്തിരിപ്പായിരുന്നു ബെൽക്ക. ഇരുട്ടോ തണുപ്പോ ഒന്നും അവളെ ഒട്ടും ഏശിയില്ല. വീട്ടുകാർ അവളെ വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും അവൾ തിരിച്ചെത്തി കാത്തിരിപ്പ് തുടർന്നു.
ഹാച്ചിക്കോയെ പോലെ തന്നെ ബെൽക്കയെയും ഏറ്റെടുത്തിരിക്കുകയാണ് ലോകം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..