22 December Sunday

ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയ കൊല്ലപ്പെട്ടു ; ആക്രമണം ഇറാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്‌ക്ക്‌ എത്തിയപ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

\


തെഹ്‌റാൻ
പലസ്‌തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ്‌ രാഷ്ട്രീയകാര്യ സമിതി തലവനുമായ ഇസ്മയിൽ ഹനിയ (62) ഇറാനില്‍ ഇസ്രയേലിന്റെ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടു. തെഹ്റാനിൽ ഹനിയയും സംഘവും താമസിച്ച കെട്ടിടത്തിനുനേരെ ബുധൻ രാവിലെയാണ് വ്യോമാക്രമണമുണ്ടായത്. ഇറാൻ പ്രസിഡന്റ്‌ മസൂദ് പെസഷ്‌ക്യന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ചൊവ്വാഴ്ചയാണ്‌ ഹനിയ തെഹ്‌റാനിലെത്തിയത്. ഹനിയെയുടെ മരണം ഹമാസ്‌ സ്ഥിരീകരിച്ചു. ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് സ്ഥിരീകരിച്ചു. ഹനിയയുടെ മരണം അനിവാര്യമെന്ന് ഇസ്രയേൽ നേതാക്കള്‍ പ്രതികരിച്ചെങ്കിലും കൊലപാതകത്തിന്റെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.  ഹമാസ്‌ തലവന്റെ കൊലപാതകം പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാക്കും. ഹനിയയുടെ   രക്തസാക്ഷിത്വം ഒരിക്കലും പാഴാകില്ലെന്നും ഇസ്രയേൽ വലിയ വില നൽകേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.

അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ചൊവ്വാഴ്‌ചയായിരുന്നു ഇറാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങ്‌.  1989ൽ ഇസ്രയേൽ ഹനിയയെ ജയിലിലടച്ചിരുന്നു. മൂന്നു വർഷത്തിനുശേഷമാണ് മോചിപ്പിച്ചത്. 2006ൽ പലസ്തീൻ പ്രധാനമന്ത്രിയായി. 2017ൽ ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവനായി ചുമതലയേറ്റു. സുരക്ഷ കണക്കിലെടുത്ത്‌ ഖത്തറിൽ താമസിച്ചാണ്‌   ഹമാസിന്റെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.

ഇറാനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ​വ്യാഴാഴ്‌ച ഹനിയയുടെ മൃതദേഹം ഖത്തറിലെത്തിക്കും. വെള്ളിയാഴ്‌ച ദോഹയിലാണ്‌ ഖബറടക്കം.
ഹനിയയുടെ കൊലപാതകത്തെ റഷ്യ, ചൈന, ഖത്തർ, ഇറാൻ, ഇറാഖ്, തുർക്കിയ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. ഇസ്രയേലിന്റേത്‌ ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും വലിയ വില നൽകേണ്ടിവരുമെന്നും ഹമാസ്‌ പ്രതികരിച്ചു. അതേസമയം, ഹനിയയുടെ മരണം ലോകത്തെ കുറച്ചുകൂടി മെച്ചപ്പെടു​ത്തുമെന്ന് ഇസ്രയേൽ മന്ത്രി അമിചെ യെലിഹു പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top