ടെഹ്റാൻ > ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയയെ വധിച്ചതിനു പിന്നിൽ ഏറെ നാളത്തെ ആസൂത്രണമെന്ന് സൂചന. ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ രണ്ട് മാസം മുൻപ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹനിയ ടെഹ്റാനിൽ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെടുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് അദ്ദേഹം പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹനിയ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് ഇറാന്റെയും ഹമാസിന്റെയും ആരോപണം. ഹനിയ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാൻ പ്രതികാരത്തിനൊരുങ്ങിയിരുന്നു. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഉത്തരവിട്ടതായാണ് റിപ്പോർട്ട്.
ഹനിയയെ വധിച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച രാവിലെ ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ അടിയന്തര യോഗത്തിലാണ് ഖമനേയി ഉത്തരവിട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഏപ്രിലിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹനിയയുടെ മൂന്ന് ആൺമക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോൾ ഇവരുടെ കാറിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..