19 December Thursday

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

image credit Harini Amarasuriya facebook


കൊളംബോ
ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ (54) സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. പ്രസിഡന്റ്‌ അനുര കുമാര ദിസനായകെയാണ്‌ ഇടതുവിശാല സഖ്യമായ നാഷണൽ പീപ്പിൾസ്‌ പവർ നേതാവായ ഇവരെ പ്രധാനമന്ത്രിയായി നിയമിച്ചത്‌. രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെ വനിത.

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് നേതാവായ ദിസനായകെ വിജയിച്ചതോടെ പ്രധാനമന്ത്രി ദിനേഷ്‌ ഗുണവർധന രാജിവച്ചിരുന്നു. പ്രധാനമന്ത്രിയും പ്രസിഡന്റുമുൾപ്പെടെ നാലുപേരാണ്‌ ഇടക്കാല മന്ത്രിസഭയിൽ ഉള്ളത്‌. നിയമം, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, ശാസ്ത്ര–- സാങ്കേതികവിദ്യ, ആരോഗ്യം, നിക്ഷേപം എന്നീ വകുപ്പുകളാണ്‌ പ്രധാനമന്ത്രി കൈകാര്യം ചെയ്യുക. എൻപിപി എംപിമാരായ വിജിത ഹേരാത്ത്‌, ലക്ഷ്‌മൺ നിപുണ ആറാച്ചി എന്നിവരാണ്‌ ചുമതലയേറ്റ മറ്റ്‌ മന്ത്രിമാർ. പാർലമെന്റ്‌ പിരിച്ചുവിട്ട്‌, നവംബർ അവസാനത്തോടെ പുതിയ തെരഞ്ഞെടുപ്പ്‌ നടക്കുംവരയൊകും ഇടക്കാല മന്ത്രിസഭയുടെ കാലാവധി. തേയിലത്തോട്ടം ഉടമകളുടെ മകളായ ഹരിണി ഡല്‍ഹിയിലെ ഹിന്ദു കോളേജില്‍ നിന്നാണ് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്.

എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ അവര്‍ സാമൂഹിക-ശാസ്ത്ര അധ്യാപിക എന്ന നിലയില്‍ പ്രശസ്തയാണ്. അധ്യാപകസംഘടനാ നേതാവ്‌, മനുഷ്യാവകാശ പ്രവർത്തക, എംപി എന്നീ നിലകളിലും  രാജ്യത്ത് ശ്രദ്ധനേടി. ലങ്കയിലെ സാമ്പത്തിക പ്രശ്‌നങ്ങളും പട്ടിണിയും ആസ്പദമാക്കി പുസ്തകങ്ങൾ രചിച്ചു. ദേശീയ തെരഞ്ഞെടുപ്പിൽ എൻപിപിയുടെ താരപ്രചാരകയായിരുന്നു.  ചന്ദ്രിക കുമാരതുംഗെയും സിരിമാവോ ബണ്ഡാരനായകെയുമാണ് ലങ്കയില്‍ പ്രധാനമന്ത്രിപദത്തില്‍ എത്തിയ മറ്റു വനിതകള്‍.

ചർച്ച തുടരുമെന്ന് ഐഎംഎഫ്
പുതിയ ശ്രീലങ്കൻ സർക്കാരുമായി വായ്‌പയുടെ മൂന്നാം ഗഡു സംബന്ധിച്ച്‌ ചർച്ച നടത്തുമെന്ന്‌ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്‌). രാജ്യം നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്‌ കരകയാറാനായി ഐഎംഎഫ്‌ അനുവദിച്ച 290 കോടി യുഎസ്‌ ഡോളർ വായ്‌പയുടെ മൂന്നാം ഗഡു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ച മുൻപ്രസിഡന്റ്‌ റനിൽ വിക്രമസിംഗെ നടത്തിവരികയായിരുന്നു. ശ്രീലങ്കയിലെ ഈസ്റ്റർ ഭീകരാക്രമണക്കേസിൽ പുനരന്വേഷണം നടത്തുമെന്നും അനുര കുമാര ദിസനായകെ പ്രഖ്യാപിച്ചു. 2019ലെ ഈസ്റ്റർ ദിനത്തിൽ ഹോട്ടലുകളിലും ക്രിസ്ത്യൻ പള്ളികളിലും നടന്ന ആക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top