22 November Friday

നേപ്പാളിൽ കനത്ത മഴയും പ്രളയവും:150 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കാഠ്‌മണ്ഡു > നേപ്പാളിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 150 ആയി. മരിച്ചവരിൽ 73 പേർ കാഠ്മണ്ഡു താഴ്‍വ രയിൽനിന്നുള്ളവരാണ്. 59 പേരെ കാണാതായി. മക്‌വൻപുരിലെ ഓൾ നേപ്പാൾ ഫുട്‌ബോൾ അസോസിയേഷൻ ഓഫീസ്‌ മണ്ണിടിച്ചിലിൽ തകർന്ന്‌ ആറ്‌ ഫുട്‌ബോൾ താരങ്ങൾ കൊല്ലപ്പെട്ടു.
322 വീടുകളും 16 പാലങ്ങളും നിരവധി റോഡുകളും തകർന്നു. മോശം കാലാവസ്ഥ റോഡ്–-വ്യോമ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. നിരവധി വിനോദ സഞ്ചാരികൾ വിവിധ കേന്ദ്രങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്‌.

   വ്യാഴാഴ്‌ച മുതൽ പെയ്യുന്ന കനത്ത മഴ നേപ്പാളിലെമ്പാടും കനത്ത നാശനഷ്‌ടമാണ്‌ വിതച്ചത്‌. ഞായറാഴ്‌ചയോടെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ്‌ കാഠ്മണ്ഡു താഴ്‍വരയിൽ ലഭിച്ചത്‌. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേപ്പാൾ സൈന്യവും പൊലീസും രാജ്യത്തുടനീളം രക്ഷാപ്രവർത്തനത്തിന്‌ രംഗത്തിറങ്ങിയിട്ടുണ്ട്‌. 35പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 3500 പേരെ രക്ഷപ്പെടുത്താനായതായി പ്രതിരോധ മന്ത്രാലയം വക്താവ്‌ ഋഷി റാം തിവാരി അറിയിച്ചു.

   നേപ്പാളിൽ മൂന്ന് ദിവസത്തേക്ക് സ്‌കൂളുകൾ അടച്ചിരിക്കുകയാണ്‌. സർവകലാശാലകൾക്കും സ്കൂൾ കെട്ടിടങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്‌. കാഠ്‌മണ്ഡുവിലെ ബാഗ്‍മതി നദി ജലനിരപ്പുയർന്ന്‌ അപകടനിലയിൽ തുടരുകയാണ്‌.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സൈന്യത്തിനും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കെ പി ശർമ ഒലി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top