മനാമ > ബഹ്റൈനിൽ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ച് നൈറ്റ് ക്ലബ് നർത്തകരാക്കിയ രണ്ട് ഏഷ്യൻ യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. 330 ദീനാർ ശമ്പളത്തിൽ റസ്റ്റോറന്റിലെ പരിചാരകയുടെ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ബഹ്റൈനിലെത്തിച്ചത്.
യുവതികൾ സാമ്പത്തിക പ്രയാസം നേരിടുന്നതിനാൽ ഇത് ചൂഷണം ചെയ്താണ് നാട്ടുകാരിയായ സ്ത്രീയാണ് ഇവർക്ക് ജോലി വാഗ്ദാനം ചെയ്തത്. ബഹറിനിലെത്തിയ ഇവരെ പ്രതിയായ യുവാവ് തന്റെ അപ്പാർട്മെന്റിലേക്ക് കൊണ്ടുപോവുകയും നിശാക്ലബിലെത്തിച്ച് രാത്രി ഒമ്പത് മുതൽ വെളുപ്പിന് നാലുവരെ നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനെ എതിർത്തപ്പോൾ യുവാവ് സ്ത്രീയെ മർദിക്കുകയും ചെയ്തു.
പിന്നീട് പ്രതി യുവതിയെ വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി ദിവസവും മണിക്കൂറുകളോളം നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുകയും അതിനു ശേഷം പ്രതിയുടെ അപ്പാർട്മെന്റിൽ തടവിലാക്കും ചെയ്യുകയായിരുന്നു. കൂടാതെ ഇവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇടപാടുകാരുമായി ഇടപഴകാൻ നിർബന്ധിക്കുകയും അതിന് വിസമ്മതിച്ചപ്പോൾ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇത് പുർം ലോകം അറിയാതിരിക്കാൻ പ്രതി യുവതിയുടെ ഫോൺ പിടിച്ചെടുത്തു. ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാത്രമാണ് ഇയാൾ യുവതിക്ക് നൽകിയിരുന്നത്. കൂടാതെ ഇവരുടെ വേതനം പ്രതി കൈക്കലാക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ യുവതിയെയും നാട്ടുകാരിയായ സ്ത്രീയാണ് ബഹറിനിൽ എത്തിച്ചത്. എന്നാൽ ഈ യുവതി പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടാനായത്.
തുടർന്ന് ഹ്യൂമൻ ട്രാഫിക്കിങ് ആൻഡ് പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവതികളെയും ചൂഷണം ചെയ്തതായി കണ്ടെത്തി. പ്രതിയ്ക്ക് അഞ്ചു വർഷത്തെ തടവും 2,000 ദീനാർ പിഴയും കോടതി വിധിച്ചു. യുവതികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവും പ്രതി വഹിക്കാൻ കോടതി ഉത്തരവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..