ടെഹ്റാൻ > ഇറാൻ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്‌ക്യാനുമായുള്ള വിയോജിപ്പിനെ തുടർന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് ഷരീഫ് രാജിവച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പരിഷ്‌കരണവാദിയായ പ്രസിഡന്റ് മസൂദ് പെസഷ്‌ക്യൻ നിർദ്ദേശിച്ച 19 അംഗ മന്ത്രിസഭയിലുള്ള നിരാശയാണ് രാജിയുടെ പ്രധാന കാരണം.
19 കാബിനറ്റ് മന്ത്രിമാരുടെ പട്ടികയിൽ യാഥാസ്ഥിതിക പക്ഷത്തുനിന്ന് നിരവധി പേരെയും ഒരേയൊരു വനിതയെയും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.
താൻ ജനങ്ങളോട് വാഗ്ദാനം ചെയ്ത മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് മനസിലായതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും സ്ത്രീകളെയും യുവാക്കളെയും വിവിധ വംശീയ വിഭാഗങ്ങളെയും ഉൾപ്പെടുത്താൻ കഴിയാത്തതിൽ ലജ്ജിക്കുന്നുവെന്നും ഷരീഫ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
വൻകിട ലോകശക്തികളുമായി 2015 ലെ സുപ്രധാന ആണവ കരാർ ചർച്ച ചെയ്ത ഇറാന്റെ മുൻ വിദേശകാര്യ മന്ത്രിയായിരുന്ന ജവാദ് ഷരീഫ് ഇറാൻ രാഷ്ട്രീയത്തിലെ പ്രബലനും നയതന്ത്രജ്ഞനുമാണ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഷരീഫിന്റെ രാജി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..