ഹേഗ് > ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ്. ഗാസയിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കൊലയുടെയും പശ്ചാത്തലത്തിലാണ് വാറണ്ട്.
സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകർത്ത് യുദ്ധക്കുറ്റം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയ്‌ഫ് എന്നിവർക്കെതിരെയും വാറന്റ് ഉണ്ട്.
ഐസിസി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ നെതന്യാഹു അന്താരാഷ്ട്രതലത്തിൽ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെടും. ഇന്ത്യയടക്കം ഐസിസി അംഗങ്ങളായ 120ൽപ്പരം രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്താൽ അറസ്‌റ്റ് ചെയ്യപ്പെടും.
ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ ഉൾപ്പെടെ ബോധപൂർവം നിഷേധിച്ചെന്ന് ഐസിസിയുടെ ചേംബർ വിലയിരുത്തി. തുടർന്നായിരുന്നു വാറണ്ട് പുറപ്പെടുവിക്കാനുള്ള ഏകകണ്ഠമായ തീരുമാനം. ഇതിനുള്ള അപേക്ഷ ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ മെയ് 20ന് മുന്നോട്ടുവെച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..