ലാഹോർ > ജയിൽ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാൻ നേതാവ് ഇമ്രാൻ ഖാന്റെ പിറന്നാൾ ദിനത്തിൽ അനുയായികളുടെ പ്രകടനം. പൊലീസ് അനുയായികളുടെ മാർച്ച് തടഞ്ഞു. തുടർന്ന് പൊലീസും അനുയായികളും ഏറ്റുമുട്ടുകയും മാർച്ച് അക്രമാസക്തമാകുകയും ചെയ്തു. ഏറ്റുമുട്ടലിൽ 80 പൊലീസുകാർക്ക് പരിക്കേറ്റു.
ഇമ്രാൻഖാന്റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രികെ ഇൻസാഫ് പാർടി ഭരിക്കുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽനിന്നാണു മാർച്ച് ആരംഭിച്ചത്. മുഖ്യമന്ത്രി അലി അമിൻ ഗണ്ഡപുരിന്റെ നേതൃത്വത്തിലുള്ള വാഹനവ്യൂഹം പൊലീസിനു നേരെ വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. സംഘർഷം ശക്തമായതോടെ അധികൃതർ ഇസ്‌ലാമാബാദ്, ലഹോർ അതിർത്തികൾ അടച്ചു. ഇവിടങ്ങളിലെ മൊബൈൽ ഫോൺ സർവീസ് തടയുകയും ചെയ്തു. 700ഓളം പാർടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ലഹോർ ഹൈക്കോടതിക്കു പുറത്ത് പ്രതിഷേധിച്ച അഭിഭാഷകർക്കു നേരെയും ലാത്തിച്ചാർജ് ഉണ്ടായി. ഇസ്‌ലാമാബാദിലും ലഹോറിലും സുരക്ഷ ശക്തമാക്കി.
റാവൽപിണ്ടിയിലെ ജയിലിൽ ഒരു വർഷത്തിലേറെയായി തടവിൽ കഴിയുന്ന ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധമെന്നാണ് പൊലീസിന്റെ ആരോപണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..