22 December Sunday

ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിസന്ധി: ജാഗ്രതയോടെ ഇന്ത്യ

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2024

ന്യൂഡൽഹി
ബംഗ്ലാദേശിലെ ഇടക്കാല ഭരണസംവിധാനവുമായി സർക്കാർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന്‌ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ പാർലമെന്റിനെ അറിയിച്ചു. ബംഗ്ലാദേശിലെ ക്രമസമാധാന സാഹചര്യവും ന്യൂനപക്ഷങ്ങളുടെ സ്ഥിതിയും സൂഷ്‌മമായി നിരീക്ഷിക്കുകയാണെന്ന്‌ രാജ്യസഭയിൽ നടത്തിയ പ്രസ്‌താവനയിൽ ജയ്‌ശങ്കർ പറഞ്ഞു. ബംഗ്ലാദേശ്‌ വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിച്ചശേഷമാണ്‌ ഇരുസഭകളിലും വിദേശമന്ത്രി സ്ഥിതിഗതികൾ വിശദീകരിച്ചത്‌.
  
സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌  സ്ഥിതിഗതികൾ വിലയിരുത്തി.  പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുമായും ജയ്‌ശങ്കർ കൂടിക്കാഴ്‌ച നടത്തി.
ബംഗ്ലാദേശിലെ സുരക്ഷാസംവിധാനങ്ങളുടെ തലപ്പത്തുള്ളവരുമായി കൂടിയാലോചിച്ചശേഷമാണ്‌ ഷെയ്‌ഖ്‌ ഹസീന രാജിക്ക്‌ തയ്യാറായതെന്ന്‌ വിദേശമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

ഇന്ത്യയിലേക്ക്‌ വരാൻ താൽപ്പര്യപ്പെടുന്നതായി അവസാന നിമിഷമാണ്‌ അറിയിച്ചത്‌. ബംഗ്ലാദേശിലെ നയതന്ത്ര ഓഫീസുകൾ വഴി അവിടെയുള്ള ഇന്ത്യാക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്‌. 19000 ത്തോളം ഇന്ത്യാക്കാർ ബംഗ്ലാദേശിലുണ്ട്‌. അതിൽ ഒമ്പതിനായിരത്തോളം പേർ വിദ്യാർഥികളാണ്‌. വിദ്യാർഥികളിൽ നല്ലൊരു പങ്ക്‌ ജൂലൈയിൽ ഇന്ത്യയിലേക്ക്‌ മടങ്ങിയിരുന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി വിവിധ ഗ്രൂപ്പുകളും സംഘടനകളും മുൻകൈ എടുക്കുന്നുണ്ട്‌. അങ്ങേയറ്റം ജാഗ്രത പുലർത്താൻ അതിർത്തി സൈനികരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌–- ജയ്‌ശങ്കർ പറഞ്ഞു.

ഷെയ്‌ഖ്‌ ഹസീനയ്‌ക്ക്‌ എല്ലാ സഹായവും ഇന്ത്യ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന്‌ സർവകക്ഷി യോഗത്തിൽ ജയ്‌ശങ്കർ പറഞ്ഞു. ഭാവിയെ കുറിച്ച്‌ തീരുമാനിക്കാൻ അവർക്ക്‌ സാവകാശം അനുവദിച്ചിട്ടുണ്ട്‌. ബംഗ്ലാദേശിലെ സംഭവവികാസങ്ങൾക്ക്‌ പിന്നിൽ വിദേശ ശക്തികളുടെ ഇടപെടൽ തള്ളാനാവില്ലെന്നും ജയ്‌ശങ്കർ പറഞ്ഞു.
        


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top