ന്യൂഡൽഹി> 'ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ', 'ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ', 'അമർ സിങ് ചംകീല' തുടങ്ങിയ ഷോകളുടെ പ്രചോദനത്തിന്റെ ഫലമായി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൻ്റെ വരുമാനവളർച്ചയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ വരുമാനക്കണക്കുകൾ വ്യാഴാഴ്ചയാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിൽ ജനപ്രിയമായ 'ബ്രിഡ്ജർടൺ 3', 'ബേബി റെയ്ൻഡീർ', എന്നീ ഷോ കൾക്കും 'ക്വീൻ ഓഫ് ടിയേഴ്സ്' എന്ന കൊറിയൻ ഡ്രാമയ്ക്കും, 'ഹിറ്റ്മാൻ', 'അണ്ടർ പാരീസ്' തുടങ്ങിയ ചലച്ചിത്രങ്ങൾക്കുമൊപ്പം ഇന്ത്യൻ പരിപാടികളും വലിയ പ്രേക്ഷകസമൂഹത്തെ ആകർഷിച്ച വർഷമാണ് 2024.
വരുമാനക്കണക്കിൽ ഇന്ത്യയും യുകെ യും ഈ വർഷം ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചത്. രണ്ടാം പാദ കണക്കുകൾ പുറത്തുവരുമ്പോൾ പരസ്യ വരുമാനത്തിൽ രണ്ടാം സ്ഥാനത്തും വരുമാനവളർച്ചയിൽ മൂന്നാം സ്ഥാനത്തുമാണ് ഇന്ത്യ. 150 ലക്ഷം ആളുകൾ കണ്ട സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരാമണ്ഡി' ഒടിടി യിലൂടെ ഏറ്റവുമധികമാളുകൾ കണ്ട ഇന്ത്യൻ സീരീസായി മാറി.
ഇംത്യാസ് അലി സംവിധാനം ചെയ്ത 'അമർ സിങ് ചംകീല' 83 ലക്ഷം ആളുകൾ കണ്ട് രണ്ടാമതെത്തി. കിരൺ റാവോയുടെ 'ലാപതാ ലേഡീസും', അജയ് ദേവഗണിന്റെ 'ശെയ്ത്താനും' വലിയ വിജയം നേടി.
മൂന്ന് എമ്മി പുരസ്കാരങ്ങൾക്ക് നാമനിർദേശം നേടിയ 'ബേബി റെയ്ൻഡീർ' ആണ് 884 ലക്ഷം ആളുകൾ കണ്ടുകൊണ്ട് യുകെ യിലെ എക്കാലത്തെയും വലിയ ഹിറ്റായത്. 'ദി ജെന്റിൽമാൻ', 'വൺഡേ', 'ഫൂൾ മീ വൺസ്' എന്നിവയും പല ആഴ്ചകളായി ആദ്യ പത്തിൽ ഇടംപിടിച്ചു.
'മോഡേൺ മാസ്റ്റേഴ്സ് ഫീറ്റ്. എസ്എസ് രാജമൗലി', 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ', 'യോ യോ ഹണി സിങ്' തുടങ്ങിയ നോൺ ഫിക്ഷനുകളും 'യേ കാലി കാലി ആംഖേം' രണ്ടാം ഭാഗം, ' ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ 2' എന്നിങ്ങനെ ഫിക്ഷനുകളും ഉൾപ്പെടെ നിരവധി ഷോകളാണ് 2024 ൽ ഇന്ത്യയിൽ നിന്ന് ഇനി റിലീസ് ചെയ്യാൻ ലിസ്റ്റിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..