ന്യൂഡൽഹി
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ നിന്ന് സൈനിക പിന്മാറ്റം പൂർത്തിയാക്കിയതിന് പിന്നാലെ പ്രതിരോധമന്ത്രി തല ചർച്ചയിലേയ്‌ക്ക് ഇന്ത്യയും ചൈനയും. ലാവോസിൽ 20–-22 തീയതികളിൽ നടക്കുന്ന ആസിയാൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ വിപുലീകരിക്കപ്പെട്ട ഉച്ചകോടിയാകും ഉഭയകക്ഷി ചർച്ചയ്‌ക്കും വേദിയാകുക. യോഗത്തിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ചൈനയുടെ പ്രതിരോധ മന്ത്രി ഡോങ് ജുനും പങ്കെടുക്കും. സൈനിക പിന്മാറ്റത്തിന് ശേഷം റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനയുടെ പ്രസിഡന്റ് ഷീ ജിൻപിങും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. ആസിയാൻ രാജ്യങ്ങൾക്ക് പുറമേ ഇന്ത്യ, ഓസ്‌ട്രേലിയ, ചൈന, അമേരിക്ക, ന്യൂസിലാൻഡ്, ദക്ഷിണകൊറിയ, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാർ പങ്കെടുക്കുന്ന വിപുലീകൃത യോഗമാണ് ഇത്തവണ. സഹരണവും സുരക്ഷയും ശക്തമാക്കുകയാണ് ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..