05 November Tuesday

ഇസ്രയേൽ- ഇറാൻ സംഘർഷം; ആശങ്കയറിയിച്ച് ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ന്യൂഡൽഹി> ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. സാധാരണക്കാരുടെ സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ടവർ സംയമനം പാലിക്കണമെന്നും സംഘർഷം പ്രശ്‌നങ്ങൾ പരിഹരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നങ്ങളിൽ ചർച്ച നടത്തണമെന്നും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു.

പതിനൊന്ന് മാസത്തിലേറെയായി ​ഗാസയിലേക്കും ഒരാഴ്ചയിലേറെയായി ലബനനിലേയ്ക്കും ഇസ്രയേൽ തുടരുന്ന മനുഷ്യക്കുരുതിയ്ക്ക് തിരിച്ചടിയായാണ് ഇറാൻ ചൊവ്വ രാത്രിയോടെ ഇസ്രയേലിലേക്ക്‌ മിസൈൽ ആക്രമണം നടത്തിയത്. ടെൽ അവീവിലേക്കും ജറുസലേമിലേക്കുമായിരുന്നു മിസൈൽവർഷം.

ഗാസയിലേക്കും ലബനനിലേക്കും നടത്തിയ ആക്രമണത്തിനും ഹമാസ്‌ മേധാവി ഇസ്മയിൽ ഹനിയേയുടെയും ഹിസ്‌ബുള്ള തലവൻ ഹസൻ നസറള്ളയുടെയും വധത്തിനുമുള്ള തിരിച്ചടിയാണ്‌ ആക്രമണമെന്ന്‌ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ്‌ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തോട്‌ ഇസ്രയേൽ സൈനികമായി പ്രതികരിച്ചാൽ അതിശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ്‌ നൽകി.

ഇറാൻ തെറ്റു ചെയ്തുവെന്നും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞത്. ഇറാന്റെ മിസൈൽ ആക്രമണത്തെ തെറ്റ് എന്നു വിശേഷിപ്പിച്ച നെതന്യാഹു ശത്രുക്കളെ ഇസ്രയേൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെപ്പറ്റി ധാരണയില്ലാത്തതിനാലാണ് ഇറാൻ ഈ തെറ്റ് ചെയ്തതെന്നും പറഞ്ഞു. ഇറാനു നേരെ ശക്തമായ ആക്രമണം നടത്തുമെന്ന സൂചനയും നെതന്യാഹു നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top