22 November Friday

സംഘർഷം രൂക്ഷമാകുന്നു; ഇന്ത്യക്കാർ ലബനൻ വിടണമെന്ന് ഇന്ത്യൻ എംബസി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ബെയ്റൂട്ട് > ലബനനിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർദേശം നൽകി ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ളവർ ഉടൻതന്നെ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിര്‍ദേശിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലബനനിൽ തന്നെ തുടരേണ്ടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്നും ബെയ്റൂട്ടിലുള്ള ഇന്ത്യൻ എംബസി അറിയിച്ചു. ലബനനിലുള്ളവർ എംബസിയുമായി ബന്ധപ്പെടാനും നിർദേശമുണ്ട്.

വരും ദിവസങ്ങളിലും ലബനനിലെ സ്ഥിതി രൂക്ഷമാകുമെന്നുള്ള തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലബനനിൽ കരയാക്രമണത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈനിക മേധാവി പറഞ്ഞിരുന്നു. രൂക്ഷമായി തുടരുന്ന വ്യോമാക്രമണത്തിന് പിന്നാലെയാണ് കര വഴിയുള്ള ആക്രമണവും ശക്തിപ്പെടുത്തുമെന്നുള്ള റിപ്പോർട്ട്. ഹിസ്ബുള്ളയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ ആർമി ചീഫ് പറഞ്ഞതായാണ് റിപ്പോർട്ട്. അതിർത്തി കടന്നുള്ള ആക്രമണത്തിന് കൂടി തയാറാവണമെന്ന് സൈനികരോട് ഇസ്രയേൽ സൈനിക മേധാവി ഹെർസി ഹാലേവി ആവശ്യപ്പെട്ടു.

ഇസ്രയേൽ ലബനനിൽ നടത്തുന്ന വ്യോമാക്രമണം 3 ദിവസം പിന്നിട്ടു. ആക്രമണത്തിൽ ബുധനാഴ്ച മാത്രം 51 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു. 223 പേർക്ക്‌ പരിക്കേറ്റു. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ 561 പേർ കൊല്ലപ്പെട്ടിരുന്നു. 90,530 പേർ ഭവനരഹിതരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top