17 September Tuesday

വി​ദേശികളുടെ വരവ് തടയാൻ നയമാറ്റം: കാനഡയിൽ ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

ഒട്ടാവ > കാനഡയിലെ പുതിയ ഫെഡറൽ നയത്തിനെതിരെ അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥികളെയും താല്കാലിക തൊഴിലാളികളെയും രാജ്യത്തു നിന്നു നാട് കടത്താൻ അനുവദിക്കുന്ന പുതിയ നയമാറ്റങ്ങൾ പിൻവലിക്കണമെന്ന് പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യയിലെ നിയമനിർമ്മാണ അസംബ്ലിക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലും ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവർ പ്രതിഷേധിച്ചു.

പതിനായിരക്കണക്കിന് ഇന്ത്യക്കാരെ അടക്കം ബാധിക്കുന്ന ഇമിഗ്രേഷൻ നയ മാറ്റങ്ങൾ തിങ്കളാഴ്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയും, താൽക്കാലിക തൊഴിലാളികളുടെയും വിദ്യാർഥികളുടെയും വർക്ക് പെർമിറ്റ് രണ്ട് വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറക്കും, പെർമനന്റ് റസിഡൻസി അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും, അന്താരാഷ്ട്ര വിദ്യാർഥികളെ രാജ്യത്തേക്ക് എത്തിക്കുന്നത് കുറക്കും എന്നിവ അടക്കമുള്ള മാറ്റങ്ങളാണ്  പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രം: വിക്കിമീഡിയ കോമൺസ്

ചിത്രം: വിക്കിമീഡിയ കോമൺസ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിൽ ജനസംഖ്യാ വളർച്ച അതിവേഗം വർദ്ധിക്കുന്നതും തൊഴിലില്ലായ്മയും ആണ് മാറ്റങ്ങൾക്ക് പിന്നിൽ.  കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ കാനഡയിലെ ജനസംഖ്യാ വളർച്ചയുടെ ബഹുഭൂരിപക്ഷവും (ഏകദേശം 97 ശതമാനം) കുടിയേറ്റം മൂലമാണ്. ട്രൂഡോയും അദ്ദേഹത്തിന്റെ സർക്കാരും സേവനങ്ങളും താമസ സൗകര്യങ്ങളും വർദ്ധിപ്പിക്കാതെ കുടിയേറ്റം വർദ്ധിപ്പിക്കുകയാണെന്ന്  വിമർശനമുണ്ട്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 6.4 ശതമാനമായി വർദ്ധിച്ചു. രാജ്യത്തുടനീളം 14 ലക്ഷം ആളുകൾക്ക് ജോലിയില്ല.  വിദേശ തൊഴിലാളികളുടെയും അഭയാർഥികളുടെയും എണ്ണം വർദ്ധിക്കുന്നത് മൂലം പൊതു സേവനങ്ങളിലടക്കം സമ്മർദ്ദം വർദ്ധിക്കുന്നുവെന്നും ഇത് തദ്ദേശീയരുടെ എതിർപ്പിന് ഇടയാക്കുന്നതായും റിപ്പോർട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെര‍ഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് ട്രൂഡോ സർക്കാർ ഇപ്പോൾ നയമാറ്റവുമായി മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേകളിൽ ട്രൂഡോ പിന്നിലാണ്.

കാനഡയിലേക്ക് ഏറ്റവുമധികം അന്താരാഷ്ട്ര വിദ്യാർഥികളെയെത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022-ൽ 2,20,000 പുതിയ വിദ്യാർഥികളെ ഇന്ത്യയിൽ നിന്നും കാനഡയിലേക്കെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 18 ലക്ഷം ഇന്ത്യൻ വംശജർ ഉൾപ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാർ ഇപ്പോൾ കാനഡയിൽ താമസിക്കുന്നു. രാജ്യത്ത് താൽക്കാലികമായി താമസിക്കുന്നവരുടെ എണ്ണം  മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് കനേഡിയൻ സർക്കാരിന്റെ പദ്ധതി. കഴിഞ്ഞ ഏപ്രിലിലെ കണക്ക് പ്രകാരം അത് 6.8 ശതമാനം ആയിരുന്നു. രാജ്യത്ത് എത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കുന്നതിനായി ജീവിത ചെലവ് ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അടുത്തിടെ കാനഡ പ്രഖ്യാപിച്ചിരുന്നു.

ചിത്രം: വിക്കിമീഡിയ കോമൺസ്

ചിത്രം: വിക്കിമീഡിയ കോമൺസ്



പുതിയ നയം സെപ്തംബർ 26 മുതൽ നടപ്പാക്കും. ഇതോടെ ഈ വർഷം അവസാനം പെർമിറ്റ് അവസാനിക്കുമ്പോൾ ആയിരക്കണക്കിന് ബിരുദധാരികളെ നാടുകടത്താനുള്ള സാധ്യതയുണ്ടെന്ന് വിദ്യാർഥി സംഘടനകൾ പറയുന്നു. ഏറെ ബുദ്ധിമുട്ടുകൾ‌ സഹിച്ചാണ് കാനഡയിലേക്ക് എത്തിയതെന്നും കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി രാജ്യത്ത് പഠിച്ച് ജോലി ചെയ്ത് നികുതി അടച്ച് ജീവിക്കുന്ന തങ്ങളെ ഒരു പരി​ഗണനയും തരാതെ സർക്കാർ ചവിട്ടി പുറത്താക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. പെർമനന്റ് റസിഡൻസി കിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബത്തിന്റെ സമ്പാദ്യം മുഴുവൻ ട്യൂഷൻഫീസിനായി ചെലവഴിച്ച് കാനഡയിലെത്തിയവരാണ് ഭൂരിഭാ​ഗം ഇന്ത്യൻ വിദ്യാർഥികളും. ഇപ്പോൾ വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിയിലാണ്. പ്രശ്നം നയതന്ത്ര തലത്തിൽ പരിഹരിക്കാം എന്ന പ്രതീക്ഷയും ഇവർക്കില്ല. സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജൻസികൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ അത്ര രസത്തിലല്ല. ഇതും കാനഡയുടെ നയമാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് അഭിപ്രായമുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top