ധാക്ക > ഇസ്കോൺ നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റൈ അറസ്റ്റിൽ പ്രതിഷേധിച്ച് അഗർത്തലയിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനിൽ നടത്തിയ അക്രമാസക്തമായ പ്രകടനത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ.
പ്രതിഷേധക്കാർ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷൻ വളപ്പിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. അഗർത്തലയിൽ പ്രതിഷേധക്കാർ പതാകസ്തംഭം നശിപ്പിക്കുകയും ബംഗ്ലാദേശിന്റെ ദേശീയ പതാകയെ അവഹേളിക്കുകയും അസിസ്റ്റന്റ് ഹൈക്കമ്മീഷനിലെ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആരോപിച്ചു. നയതന്ത്ര ദൗത്യങ്ങളുടെ ലംഘനമാണ് അഗർത്തലയിൽ നടന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്ര ദൗത്യങ്ങളെ സംരക്ഷിക്കേണ്ടത് ആതിഥേയ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഈ സംഭവം പരിഹരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ബംഗ്ലാദേശ് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും നയതന്ത്രജ്ഞരുടെയും നയതന്ത്രേതര അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയും ഉൾപ്പെടെ ഇന്ത്യയിലെ ബംഗ്ലാദേശിന്റെ നയതന്ത്ര ദൗത്യങ്ങൾക്ക് നേരെയുള്ള അക്രമ പ്രവർത്തനങ്ങൾ തടയാനും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടു.
ആഗസ്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടർന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..