11 October Friday
അമേരിക്കൻ ഡിജിറ്റല്‍‌ ലൈബ്രറി വെബ്‌സൈറ്റാണ് ഇന്റർനെറ്റ് ആർക്കൈവ്

ഇൻ്റർനെറ്റ് ആർക്കൈവ് ഹാക്കമാർ കീഴടക്കി; മൂന്നു കോടി പാസ് വേർഡുകളും സ്വകാര്യവിവരങ്ങളും ചോർന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

വാഷിങ്ടൺ> അമേരിക്കൻ ഡിജിറ്റല്‍‌ ലൈബ്രറി വെബ്‌സൈറ്റായ ഇന്റർനെറ്റ് ആർക്കൈവ് ഹാക്ക് ചെയ്യപ്പെട്ടു. 3.1 കോടി പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തി. ഇ മെയില്‍ അഡ്രസുകള്‍, പാസ്‌വേർഡുകള്‍, സ്ക്രീൻ നെയിമുകള്‍ തുടങ്ങി നിരവധി വിവരങ്ങളാണ് ഇന്റർനെറ്റ് ആർക്കൈവില്‍ സൂക്ഷിച്ചിരുന്നത്. ഇന്റര്‍നെറ്റിലെ എല്ലാ വിവരങ്ങളും ആര്‍ക്കൈവ് ചെയ്ത് സുക്ഷിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇത്.

ഹാക്ക് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളോട് ഉടൻ തന്നെ ഇ മെയില്‍ പാസ്‌വേർഡുകള്‍ മാറ്റാൻ സൈബർ സുരക്ഷാ വിദഗ്ധർ ആവശ്യപ്പെട്ടു. ഹാവ് ഐ ബീൻ പോണ്‍ഡുമായി (Have I Been Pwned? - HIBP) ബന്ധപ്പെടുത്തിയായിരുന്നു ഹാക്കർ സന്ദേശം പുറത്തു വിട്ടത്. തങ്ങളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടോയെന്ന് അറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന സൈറ്റാണ് ഇത്.

ഒക്ടോബർ ഒൻപതിനായിരുന്നു സൈബർ അറ്റാക്കിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

"ഇന്റർനെറ്റ് ആർക്കൈവിന്റെ സുരക്ഷാ സംവിധാനം എപ്പോള്‍ വേണമെങ്കിലും തകർക്കപ്പെട്ടേക്കാമെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. അത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. എച്ച്ഐബിപിയില്‍ 3.1 കോടി പേരെയും കാണാം,"

സൈറ്റ് തുറന്ന ഉപയോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് ലഭിച്ച സന്ദേശം ഇതായിരുന്നു.

ഇന്റർനെറ്റ് ആർക്കൈവിന്റെ സ്ഥാപകനായ ബ്രൂസ്റ്റർ കാഹ്‌ലെ സംഭവത്തില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. സൈബർ ആക്രമണം സംഭവിച്ചതായി ബ്രൂസ്റ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ബ്രൂസ്റ്റർ അറിയിച്ചു. ആക്രമണത്തെ ചെറുക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ഇന്റർനെറ്റ് ആർക്കൈവിന്റെ വെബ്സൈറ്റും വെബാക്ക് മെഷീനും നിലവില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ല. ഒരു ക്ഷമാപണ സ്ക്രീൻ ആണ് തെളിയുന്നത്.

എസ് എൻ ബ്ലാക്ക്‌മെറ്റ (S N Blackmeta) എന്ന അക്കൗണ്ടാണ് സൈബർ അറ്റാക്കിന്റെ ഉത്തരാവിദിത്തം ഏറ്റെടുത്തിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ ഹാക്ക് ചെയ്തിട്ടുള്ളതും ഇതേ സംഘമാണെന്നാണ് റിപ്പോർട്ടുകൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top