05 October Saturday
ഹിസ്‌ബുള്ളയുടെ ഇന്റലിജൻസ്‌ ആസ്ഥാനത്തേക്ക് 10 തവണ വ്യോമാക്രമണം

ലബനന്‍ കത്തുന്നു ; വ്യാപക ബോംബാക്രമണവുമായി ഇസ്രയേല്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

 

ബെയ്‌റൂട്ട്‌
കരയാക്രമണത്തില്‍ തിരിച്ചടി ശക്തമായതോടെ ലബനനിലെമ്പാടും ബോംബുവര്‍ഷവുമായി ഇസ്രയേല്‍. ബെയ്‌റൂട്ടിലെ  ദഹിയേയിലെ ഹിസ്‌ബുള്ളയുടെ ഇന്റലിജൻസ്‌ ആസ്ഥാനം ലക്ഷ്യമിട്ട്‌ പത്തുതവണ ആക്രമണം നടത്തി. ഹിസ്‌ബുള്ളയുടെ കൊല്ലപ്പെട്ട മേധാവി ഹസൻ നസറള്ളയുടെ പിൻഗാമിയായി കരുതപ്പെടുന്ന ഹാഷെം സഫിയെദ്ദീനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധിയാളുകൾ കൊല്ലപ്പെട്ടു. 24 മണിക്കൂറിൽ കരയാക്രമണത്തിൽ മാത്രം 37 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണത്തിൽ ലബനനിൽനിന്ന്‌ സിറിയയിലേക്കുള്ള പ്രധാന പാത തകർന്നു. ശക്തമായ  ബോംബ്‌ വർഷത്തിൽ 50 കിലോമീറ്റ‌ർ അകലെ ബെയ്‌റൂട്ടിലെ വൻകെട്ടിടങ്ങൾവരെ കുലുങ്ങി. ലബനനിലേക്ക്‌ ഇസ്രയേൽ ആക്രമണം തുടങ്ങിയതുമുതൽ ജീവരക്ഷാർഥം പതിനായിരക്കണക്കിന്‌ ജനങ്ങൾ സിറിയയിലേക്ക്‌ പലായനം ചെയ്യുന്ന പാതയാണ്‌ തകർത്തത്‌.

അതിനിടെ, വ്യാഴാഴ്ച ബെയ്‌റൂട്ടിലേക്ക്‌ നടത്തിയ ആക്രമണത്തിൽ ഹിസ്‌ബുള്ള കമ്യൂണിക്കേഷൻസ്‌ കമാൻഡർ മൊഹമ്മദ്‌ റാഷിദ്‌ സ്കാഫി കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ലബനനിൽ ഇതുവരെ 250 ഹിസ്‌ബുള്ളക്കാരെ കൊന്നെന്ന്‌ ഇസ്രയേൽ അറിയിച്ചു. 37 ആരോഗ്യകേന്ദ്രങ്ങൾ തകർക്കപ്പെട്ടു. 

ലബനനിൽ അപ്രതീക്ഷിതമായ പലതും ഇനിയും സംഭവിക്കാനുണ്ടെന്ന്‌ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റ്‌ മുന്നറിയിപ്പ്‌ നൽകി. 30 ഗ്രാമങ്ങളിൽനിന്നുകൂടി ആളുകൾ ഒഴിഞ്ഞുപോകണമെന്ന്‌ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. അതിർത്തിയിലെ ഗൊലാനി പാലത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ രണ്ട്‌ സൈനികർ കൂടി കൊല്ലപ്പെട്ടു.  ഇസ്രയേലിലെ ഹൈഫ ബേയിലെ സൈനിക കേന്ദ്രത്തിലേക്കും നെഷർ ബേസിലേക്കും ആക്രമണം നടത്തിയതായി ഹിസ്‌ബുള്ളയും സ്ഥിരീകരിച്ചു. അതേസമയം, ലബനന്‍ ജനതയ്ക്ക് സഹായവുമായി ആദ്യ യുഎന്‍ വിമാനം ഇസ്താംബൂളിലെത്തി.

ലബനനിൽ ആദ്യ യുഎൻ സഹായമെത്തി
ഇസ്രയേൽ ആക്രമണം രൂക്ഷമായതിനുശേഷമുള്ള ആദ്യ യു എൻ സഹായം ലബനനിൽ എത്തി. മരുന്നുകളും ചികിത്സാസാമഗ്രികളുമായി 30 ടൺ  സഹായവസ്തുക്കളാണ്‌ വിമാനമാർഗം ലബനനിൽ എത്തിച്ചത്‌. സർജിക്കൽ ഉപകരണങ്ങളടക്കമുണ്ട്‌. തുടർദിവസങ്ങളിൽ കൂടുതൽ മരുന്നുകളും ചികിത്സാ സാമഗ്രികളും എത്തിക്കുമെന്ന്‌ ലോകാരോഗ്യ സംഘടനയുടെ മേഖലാ ഡയറക്ടർ ഹനൻ ബാൽക്കി പറഞ്ഞു. ലബനന്‌ ഒരുകോടി പൗണ്ടിന്റെ അടിയന്തര, ജീവൻരക്ഷാ സാമഗ്രികൾ അധികമായി എത്തിക്കുമെന്ന്‌ ബ്രിട്ടൻ അറിയിച്ചു. യുനിസെഫ്‌ വഴി അമ്പതുലക്ഷം പൗണ്ടിന്റെ സഹായം കഴിഞ്ഞ ദിവസം എത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top