തെഹ്‌റാൻ
ഇറാനിലേക്ക് ഇസ്രയേൽ ആക്രമണം ഉടനുണ്ടാകുമെന്ന പ്രതീതി നാൾക്കുനാൾ ശക്തമായിവരികെ, തിരിച്ചടി ഏതുരീതിയിലാകുമെന്ന അഭ്യൂഹങ്ങളും നിരവധി. നേതാക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ മുതൽ എണ്ണ കേന്ദ്രങ്ങളും ആണവനിലയങ്ങളുമടക്കം ആക്രമിക്കപ്പെട്ടേക്കാമെന്ന നിരീക്ഷണങ്ങളുമുണ്ട്.
ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്ന് നിര്‍ദേശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇറാന്റെ എണ്ണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയാല്‍ പിന്തുണയ്ക്കാമെന്നാണ് നിലപാട് എടുത്തത്. ഇറാന്റെ വ്യോമപ്രതിരോധസംവിധാനം ദുർബലമാണെന്ന് ഏപ്രിൽ 19ന് ഇസ്രയേൽ നടത്തിയ വൻ മിസൈൽ ആക്രമണത്തിൽ വ്യക്തമായിരുന്നു. അത്തരമൊരു ആക്രമണം വീണ്ടുമുണ്ടായാൽ ഇറാനില്‍ വൻ നാശനഷ്ടമുണ്ടാകും. തെഹ്‌റാൻ, ഇഷാഫൻ നഗരങ്ങളും പേർഷ്യൻ ഉൾക്കടലിലെ പ്രധാന തുറമുഖങ്ങളും തകർന്നാൽ ഇറാന് വലിയ സാമ്പത്തികാഘാതമാകും. എണ്ണസംസ്കരണശാലകൾ, സംഭരണകേന്ദ്രങ്ങൾ എന്നിവ തകർക്കുകവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാനും ഇസ്രയേലിനാകും. വലിയ ഊർജപ്രതിസന്ധിയിലേക്കും ഇത് വഴിതെളിക്കും. രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് എണ്ണസംഭരണകേന്ദ്രമാണ് ആക്രമിക്കപ്പെടാവുന്ന കേന്ദ്രങ്ങളുടെ പട്ടികയിൽ പ്രധാനം. ഇവിടെനിന്ന് എണ്ണ കൂടുതലായി പോകുന്നത് ചൈനയിലേക്കാണ്. എന്നാല്‍, അത്തരത്തിലുള്ള ഏതു നീക്കത്തോടും ആണവശക്തിയായ ഇറാന്‍ അതിശക്തമായി പ്രതികരിക്കുമെന്ന ബോധ്യം ഇസ്രയേലിനും അമേരിക്കയ്ക്കുമുണ്ട്. അതിനാല്‍ തല്‍ക്കാലം നേതാക്കളെ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമായിരിക്കും ഇസ്രായേലിന്റെ മുന്നിലുള്ള പ്രധാന മാര്‍ഗം.
ഇസ്രയേലിനെ എതിർക്കുന്ന ഏതൊരാളെയും പശ്ചിമേഷ്യയിൽ എവിടെയായാലും എത്തിപ്പിടിക്കാനാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിക്കുന്നത് അതിനാലാണ്. ഹമാസ് മേധാവി ഇസ്മയിൽ ഹനിയയെ തെഹ്റാനില്‍വച്ചാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയത്. മുമ്പും ഇറാന്റെ ഉന്നത ആണവശാസ്ത്രജ്ഞരെ ഇസ്രയേൽ കൊലപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..