ടെഹ്റാൻ> ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രതികാരത്തിനൊരുങ്ങി ഇറാൻ. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഉത്തരവിട്ടതായാണ് റിപ്പോർട്ട്.
ഹനിയയെ വധിച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച രാവിലെ ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ അടിയന്തര യോഗത്തിലാണ് ഖമനേയി ഉത്തരവിട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ലെബനൻ നേതാവ് ഹിസ്ബുള്ളയെ കൊലപ്പെടുത്തിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് പോലെ ഹനിയയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ ഇതുവരെ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഹമാസ് നേതാവ് മൂസ അബു മർസൂഖ് ആരോപിച്ചു. ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഹനിയ കൊല്ലപ്പെട്ടത്.
അതേസമയം ഏത് ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാലും ഇസ്രായേൽ നേരിടുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി (യുഎൻഎസ്‌സി) ബുധനാഴ്ച യോഗം ചേർന്നു. വ്യാപകമായ യുദ്ധം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ മേഖലയിൽ ശാന്തത പാലിക്കാൻ കൗൺസിൽ ആവശ്യപ്പെട്ടു.
അടുത്തിടെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കാൻ ഇറാനും ഇസ്രായേലും ബുധനാഴ്ച യുഎൻ രക്ഷാസമിതിയോട് അഭ്യർത്ഥിച്ചു. ഈ ആക്രമണത്തിന് ഇസ്രായേലിനെ ഉത്തരവാദികളാക്കാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ഇറാൻ അംബാസഡർ അമീർ സഈദ് ഇരവാനി സുരക്ഷാ കൗൺസിലിനോട് പറഞ്ഞു.
2023 മുതൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ചെയർമാനായിരുന്ന ഹനിയ ഖത്തറിൽ താമസിച്ചാണ് ഹമാസിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 1989ൽ ഇസ്രയേൽ ഹനിയയെ തടവിലാക്കിയിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് ലെബനനിലേക്ക് നാടു കടത്തി, ഒരു വർഷത്തിന് ശേഷം ഓസ്‍ലോ കരാർ പ്രകാരം വിട്ടയക്കുകയായിരുന്നു. സുരക്ഷ കണക്കിലെടുത്താണ് അദ്ദേഹം പിന്നീട് ഖത്തറിലേക്ക് താമസം മാറ്റിയത്. 2006ൽ പലസ്തീനിൽ ഹമാസ് അധികാരത്തിലെത്തിയപ്പോൾ ഹനിയയാണ് പ്രധാനമന്ത്രിയായത്. ഏപ്രിലിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹനിയയുടെ മൂന്ന് ആൺമക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോൾ ഇവരുടെ കാറിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..