ടെഹ്‍റാൻ > ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനായി പ്രത്യേക ക്ലിനിക്കുകൾ സ്ഥാപിക്കാനൊരുങ്ങി ഇറാൻ. സ്ത്രീ-കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്‌രി തലേബി ദരേസ്താനിയാണ് 'ഹിജാബ് റിമൂവൽ ട്രീറ്റ്മെന്റ് ക്ലിനിക്' എന്ന പേരിൽ സർക്കാർ ചികിത്സാകേന്ദ്രങ്ങൾക്ക് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. ദുരാചാരങ്ങൾ തടയാൻ ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സയാകും ക്ലിനിക് വഴി ലഭ്യമാക്കുക എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കാമ്പസിൽ വസ്ത്രം അഴിച്ച് പ്രതിഷേധിച്ച വിദ്യാർഥിനിയെ അറസ്റ്റ് ചെയ്ത് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ഹിജാബ് ധരിക്കാത്തതിന് സെക്യൂരിറ്റി ഗാർഡുകൾ മർദ്ധിച്ചതിനെ തുടർന്നായിരുന്നു പെൺകുട്ടി സർവകലാശാലാ കാമ്പസിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. ഇറാന്റെ പുതിയ നീക്കത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നതിനുള്ള നീക്കങ്ങൾ ഇറാൻ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് വനിതാ അവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഹിജാബ് ധരിക്കാത്തവരെല്ലാം മനോരോഗികളും തെറ്റുകാരുമാണെന്ന് സ്ഥാപിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ചികിത്സക്കായല്ല ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ജയിലിലിടാനുള്ള കേന്ദ്രമായാകും ഇത് പ്രവർത്തിക്കുകയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധക്കാരെ മാനസിക രോഗികളായി മുദ്രകുത്തി പീഡിപ്പിക്കുകയും നിർബന്ധിതമായി ചികിത്സിക്കുകയും ചെയ്യുന്ന ഇറാന്റെ നടപടിക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..