22 December Sunday

പൊതുമേഖലയിൽ 15 ശതമാനം ശമ്പളവർധന പ്രഖ്യാപിച്ച്‌ ഇറാൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

തെഹ്‌റാൻ >  അമേരിക്കയിലെ ഡോണൾഡ്‌ ട്രംപ്‌ ഭരണകൂടം ഏകപക്ഷീയമായി ഉപരോധം കർക്കശമാക്കിതിനെ തുടർന്ന്‌ സാമ്പത്തികപ്രയാസം നേരിടുന്ന ഇറാനിൽ പൊതുമേഖലാസ്ഥാപനങ്ങളിൽ 15 ശതമാനം ശമ്പളവർധന. 2020 മാർച്ചിൽ ആരംഭിക്കുന്ന സാമ്പത്തികവർഷത്തേക്ക്‌ പ്രസിഡന്റ്‌ ഹസൻ റൂഹാനി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലാണ്‌ ജനരോഷം കുറയ്‌ക്കാൻ നിർദേശങ്ങൾ. അമേരിക്കൻ ഉപരോധത്തെ  പരാജയപ്പെടുത്താനുള്ള ചെറുത്തുനിൽപ്പിന്റെ ബജറ്റാണിതെന്ന്‌ റൂഹാനി വിശേഷിപ്പിച്ചു.

ബറാക്‌ ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കെ 2015ൽ  ഇറാനും വൻശക്തികളും (യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജർമനിയും) തമ്മിലുണ്ടാക്കിയ കരാറിൽനിന്ന്‌ 2018 മേയിൽ ഏകപക്ഷീയമായി പിന്മാറിയാണ്‌ ട്രംപ്‌ ഭരണകൂടം ഉപരോധം കർക്കശമാക്കിയത്‌. ഇതുമൂലം പ്രധാന വിഭവമായ പെട്രോളിയം കയറ്റുമതി ചെയ്യാനാകാത്തത്‌ ഇറാനെ രൂക്ഷമായി ബാധിച്ചു. ഈ സാഹചര്യത്തിൽ എണ്ണ ഇതര വിഭവങ്ങളിലൂടെ പ്രതിസന്ധി മറികടക്കാനാണ്‌ ബജറ്റ്‌ ലക്ഷ്യമിടുന്നത്‌. പണപ്പെരുപ്പം 40 ശതമാനത്തോളമായ ഇറാൻ 4845 ലക്ഷം കോടി റിയാലിന്റെ (8.22ലക്ഷം കോടി രൂപ) ബജറ്റാണ്‌ അവതരിപ്പിച്ചത്‌.

റഷ്യയിൽനിന്ന്‌ 500 കോടി ഡോളറിന്റെ (35645 കോടി രൂപ) നിക്ഷേപമുണ്ടാകുമെന്നും  റൂഹാനി പറഞ്ഞു. ഇത്‌ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്‌. നികുതിവർധനയിലൂടെയും സർക്കാർ ഉടമസ്ഥതയിലുള്ള ചില ആസ്‌തികൾ വിറ്റും പുതിയ ബോണ്ടുകൾ ഇറക്കിയും അധിക വിഭവസമാഹരണം ലക്ഷ്യമിടുന്നു. ബജറ്റ്‌ ഫെബ്രുവരിയോടെ പാർലമെന്റ്‌ അംഗീകരിക്കണം. ഫെബ്രുവരിയിൽ ഇറാനിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പുമുണ്ട്‌.
സാമ്പത്തികപ്രതിസന്ധി നേരിടാൻ കഴിഞ്ഞമാസം പെട്രോൾ വില കുത്തനെ കൂട്ടിയത്‌ ഇറാനിൽ വൻ പ്രക്ഷോഭത്തിന്‌ ഇടയാക്കിയിരുന്നു. ഇരുനൂറിലധികംപേർ കൊല്ലപ്പെട്ടതായാണ്‌ പാശ്ചാത്യ ഏജൻസികളുടെ ആരോപണം. ഇത്‌ നുണയാണെന്ന്‌ ഇറാൻ പറയുന്നു. ജനങ്ങൾക്ക്‌ ആശ്വാസമേകി പ്രതിഷേധം തണുപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌ ബജറ്റ്‌ നിർദേശങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top