ടെഹ്‌റാൻ > ഓൺലൈൻ സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിയെ അറസ്റ്റ് ചെയ്തു. മസന്ദരൻ പ്രവിശ്യയുടെ തലസ്ഥാനമായ സാരി സിറ്റിയിൽ പരിപാടി അവതരിപ്പിക്കുകയായിരുന്നു പരസ്തൂ അഹ്മദി. കോൺസേർട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഗായികയ്ക്കെതിരെ വ്യാഴാഴ്ച കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഹിജാബ് ധരിക്കതെ കറുത്ത നിറത്തിലുള്ള സ്ലീവ് ലെസ് വസ്ത്രം ധരിച്ച് നാല് പുരുഷ സംഗീതജ്ഞർക്കൊപ്പം പരിപാടി അവതരിപ്പിച്ചുവെന്ന പേരിലാണ് പരസ്തൂ അഹ്മദിയെ അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം പുരുഷ സംഗീതജ്ഞരായ സൊഹൈൽ ഫഗിഹ് നസിരി, എഹ്‌സാൻ ബെയ്‌രാഗ്ദർ എന്നിവരും അറസ്റ്റിലായി. പരസ്തൂ അഹ്മദിക്ക് യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.
'ഞാൻ പരസ്തൂ, ഇഷ്ടമുള്ള ആളുകൾക്ക് വേണ്ടി പാടാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി. ഇത് എനിക്ക് അവഗണിക്കാനാവാത്ത അവകാശമാണ്. ഞാൻ സ്നേഹിക്കുന്ന ഭൂമിക്ക് വേണ്ടിയാണ് പാടുന്നത്. ഇവിടെ, നമ്മുടെ പ്രിയപ്പെട്ട ഇറാന്റെ ഈ പ്രദേശത്ത് ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്നു. ഈ ഓൺലൈൻ കോണസേർട്ടിൽ എന്റെ ശബ്ദം കേൾക്കൂ, അതിൽ കൂടി മനോഹരമായ മാതൃരാജ്യത്തെ സങ്കൽപ്പിക്കുക'- എന്ന കുറിപ്പോടെയാണ് പരസ്തൂ വീഡിയോ പങ്കുവെച്ചത്.
1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് നിയമപ്രകാരം ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയിരുന്നു. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കണമെന്നും തങ്ങളുമായി ബന്ധമില്ലാത്ത പുരുഷൻമാർക്ക് മുന്നിൽ ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെടരുതെന്നുമാണ് ഇറാനിയൻ നിയമം. ഇത് ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..