18 October Friday

ഒമാൻ മസ്‌ജിദ്‌ വെടിവയ്‌പ്പ്: ആക്രമണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

അനസ് യാസിൻUpdated: Wednesday Jul 17, 2024

മനാമ > ഒമാനിലെ ഇമാം അലി മസ്‌ജിദിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിൽ ചൊവ്വാഴ്ച വൈകീട്ട് നൽകിയ പ്രസ്താവനയിൽ പള്ളിയിലെത്തിയവർക്ക് നേരെ മൂന്ന് ചാവേർ ആക്രമണകാരികൾ വെടിയുതിർക്കുകയും ഒമാനി സുരക്ഷാ സേനയുമായി വെടിവയ്പ്പ് നടത്തുകയും ചെയ്തതായി സംഘടന പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോയും സംഘം ടെലിഗ്രാമിൽ പങ്കുവെച്ചു.

ആക്രമണത്തിൽ ഇന്ത്യക്കാരനും നാല് പാക്കിസ്ഥാനികളും ഒരു ഒമാൻ പൊലീസ് ഉദ്യോഗസ്ഥനുമടക്കം ആറുപേർ കൊല്ലപ്പെട്ടു. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേറ്റു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു.
തലസ്ഥാനമായ മസ്‌കത്തിനടുത്തുള്ള വാദി കബീറിലെ ഇമാം അലി പള്ളിയിൽ (അലി ബിൻ അബി താലിബ് പള്ളി) തിങ്കളാഴ്ച രാത്രി പത്തോടെയാണ് ആക്രമണം നടന്നത്. ഷിയാ മുസ്ലീങ്ങളുടെ അഷൂറ ആചാരണത്തോടനുബന്ധിച്ച് പ്രാർഥനയ്ക്കായി പള്ളിയിൽ തടിച്ചുകൂടിയവർക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഈ സമയം എഴുന്നൂറോളം പേർ പള്ളിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സുരക്ഷാ സേനയും തീവ്രവാദകളും തമ്മിലുള്ള ഏറ്റുമുട്ടൽ ചൊവ്വ രാവിലെ വരെ നീണ്ടു. എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണമോ, അറസ്‌റ്റോ മറ്റു വിവരങ്ങളോ ഒമാൻ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ മാർച്ചിൽ, മോസ്‌കോയിൽ140 ലധികം ആളുകൾ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വവും ജനുവരിയിൽ ഇറാനിൽ 100 ഓളം പേർ കൊല്ലപ്പെട്ട രണ്ട് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തവും ഐഎസ് ഏറ്റെടുത്തിരുന്നു. ഇതിന് മുൻപ് ഗൾഫ് രാജ്യങ്ങളിൽ ഐഎസ് ഭീകരാക്രമണം നടന്നത് സൗദിയിലും കുവൈത്തിലുമാണ്. 2015 മെയ് 22ന് ഖത്തീഫിലെ ഇമാം അലി പളളിയിൽ ചാവേർ ബോംബാക്രമണത്തിൽ 21 പേരും ഒരാഴ്ചകഴിഞ്ഞ് ദമാമിലെ ഇമാം ഹുസൈൻ പള്ളിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നാലു പേരും കൊല്ലപ്പെട്ടു. അതേ വർഷം  ജൂൺ 26ന് കുവൈത്തിലെ ഇമാം ജാഫർ സാദിഖ് പള്ളിയിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top