17 September Tuesday

ഇസ്രയേൽ ലക്ഷ്യം യുദ്ധവ്യാപനം

എ ശ്യാംUpdated: Thursday Aug 1, 2024


നാല്‌ പതിറ്റാണ്ട്‌ തികഞ്ഞിട്ടില്ലാത്ത ഹമാസിന്‌ ഇതുവരെ നാല്‌ നായകരാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇസ്ലാമിക പണ്ഡിതനായിരുന്ന സ്ഥാപകൻ ഇമാം ഷേഖ്‌ അഹ്‌മദ്‌ യാസിൻ അടക്കം അവരിൽ മൂന്ന്‌ പേരെയും ഇസ്രയേൽ ഉന്നമിട്ട്‌ വധിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന്‌ കുട്ടിക്കാലം മുതൽ ചക്രക്കസേരയിൽ കഴിയേണ്ടിവന്ന വയോധികനായ അഹ്‌മദ്‌ യാസിൻ 2004 മാർച്ച്‌ 22ന്‌ പുലർച്ചെ ഗാസ നഗരത്തിലെ പള്ളിയിൽ നിന്ന്‌ പ്രാർഥന കഴിഞ്ഞ്‌ പുറത്തേക്ക്‌ വരുമ്പോഴാണ്‌ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടത്‌. യാസിന്റെ പിൻഗാമിയായ ശിശുചികിത്സാ വിദഗ്ധൻ ഡോ. അബ്ദിൽ അസീസ്‌ അൽ റന്തിസി ഒരു മാസം തികയുംമുമ്പേ കൊല്ലപ്പെട്ടു. 2004 ഏപ്രിൽ 17ന്‌ നടത്തിയ ആ ആക്രമണത്തിൽ റന്തിസിയുടെ മകനെയും ഇസ്രയേൽ വധിച്ചു. ഇപ്പോഴിതാ പലസ്‌തീൻ മുൻ പ്രധാനമന്ത്രികൂടിയായ ഇസ്‌മയിൽ ഹനിയയേയും വധിച്ചിരിക്കുന്നു.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന ആവശ്യം ലോകമെങ്ങും ശക്തമാകുന്ന വേളയിൽ, സംഘർഷം വ്യാപിപ്പിക്കാനും മൂർച്ഛിപ്പിക്കാനും ലക്ഷ്യമിട്ടാണ്‌  ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ തീക്കളി. ഹനിയയെ വധിക്കുന്നതിന്‌ ഇസ്രയേൽ തെരഞ്ഞെടുത്ത സന്ദർഭവും സ്ഥലവും ശ്രദ്ധേയമാണ്‌. പരസ്‌പരം പോരടിച്ചുനിന്ന പലസ്‌തീൻ സംഘടനകൾ ചൈനയുടെ മധ്യസ്ഥതയിൽ ബീജിങ്ങിൽ ത്രിദിന ചർച്ച നടത്തി ഐക്യപ്രഖ്യാപനം നടത്തിയിട്ട്‌ ഒരാഴ്‌ചയേ ആയിട്ടുള്ളൂ. പലപ്പോഴും പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ താളത്തിന്‌ തുള്ളുന്ന പലസ്‌തീൻ അതോറിറ്റി പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസിന്റെ ഫത്തായടക്കം ഹമാസിനെ അംഗീകരിക്കാനും അവരുമായി സഖ്യസർക്കാർ രൂപീകരിക്കാനും ബീജിങ്‌ ചർച്ചയിൽ തീരുമാനിച്ചിരുന്നു. മിതവാദിയായ ഹനിയെയെ വധിച്ച്‌ ഹമാസിലെ ‘തീവ്രവാദികളെ’ ശക്തിപ്പെടുത്തിയാൽ പലസ്‌തീൻ ഐക്യം തകർക്കാമെന്ന്‌ നെതന്യാഹു കരുതുന്നുണ്ടാവണം.

ഇറാനിൽ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹനിയയെ അവിടെവച്ച്‌ വധിക്കാൻ തീരുമാനിച്ചതിലും നെതന്യാഹുവിന്റെ കുടിലബുദ്ധിയുണ്ട്‌. ഇറാനെ യുദ്ധത്തിലേക്ക്‌ വലിച്ചിഴച്ച്‌ സംഘർഷം വ്യാപിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇപ്പോൾ അകന്ന്‌ നിൽക്കുന്ന ചില പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണകൂടി നേടാമെന്നാണ്‌ പ്രതീക്ഷ. കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ പലസ്‌തീൻ രാഷ്‌ട്രത്തെ അംഗീകരിക്കാൻ തയ്യാറാവുന്ന സാഹചര്യത്തിലാണിത്‌. അമേരിക്കൻ കോൺഗ്രസിലും തനിക്കെതിരെ രോഷം വളരുന്നത്‌ കഴിഞ്ഞയാഴ്‌ച 50ൽപരം അംഗങ്ങൾ തന്റെ പ്രസംഗം ബഹിഷ്‌കരിച്ചതിൽനിന്ന്‌ നെതന്യാഹുവിന്‌ മനസിലായിട്ടുണ്ട്‌.

എന്നും പലസ്‌തീൻ ജനതയെ ഭിന്നിപ്പിച്ചാണ്‌ ഇസ്രയേൽ അതിർത്തി വ്യാപിപ്പിച്ചിട്ടുള്ളത്‌. 1987ൽ ഹമാസ്‌ രൂപീകരിക്കപ്പെട്ടതുമുതൽ ഏറെക്കാലം യാസർ അറഫാത്തിന്റെ ഫത്തായ്‌ക്കെതിരെ അവരെ വളർത്തിയത്‌ ഇസ്രയേലാണ്‌. എന്നാൽ ഹമാസ്‌ വളർന്നപ്പോൾ അതിനെ ചൂണ്ടിക്കാട്ടിയായി പലസ്‌തീൻകാരോട്‌ അതിക്രമങ്ങൾ. ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം എന്ന അമേരിക്കയുടെ ആവശ്യം 2018ൽ യുഎൻ പൊതുസഭ വോട്ടിനിട്ട്‌ തള്ളുകയായിരുന്നു. ഏത്‌ നിമിഷവും വധിക്കപ്പെടാം എന്ന ബോധ്യത്തിലാണ്‌ ഓരോ പലസ്‌തീൻ നേതാവും പ്രവർത്തിക്കുന്നത്‌. മൂന്ന്‌ മക്കളും അഞ്ച്‌ പേരക്കുട്ടികളും എൺപതുകാരിയായ സഹോദരിയും സഹോദരനും അടക്കം ഹനിയയുടെ 32 ബന്ധുക്കൾ ഒൻപത്‌ മാസത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്‌.

ഹനിയയുടെ മുൻഗാമിയായ ഖാലിദ്‌ മിശാൽ ഹമാസ്‌ നായകനാവുന്നതിന്‌ മുമ്പ്‌ 1997ൽ ജോർദാനിൽ വച്ച്‌ മൊസാദ്‌ ഏജന്റുമാരുടെ വിഷപ്രയോഗത്തിൽ അൽഭുതകരമായാണ്‌ രക്ഷപ്പെട്ടത്‌. മറുമരുന്ന്‌ എത്തിച്ചില്ലെങ്കിൽ ബന്ധം വിച്ഛേദിക്കുമെന്ന്‌ ജോർദാനിലെ ഹുസൈൻ രാജാവ്‌ മുന്നറിയിപ്പ്‌ നൽകിയെങ്കിലും അന്നും ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു വഴങ്ങിയിരുന്നില്ല. ഒടുവിൽ യുഎസ്‌ പ്രസിഡന്റ്‌ ബിൽ ക്ലിന്റൻ കർക്കശമായി ഇടപെട്ടതിനാലാണ്‌ അബോധാവസ്ഥയിലായിരുന്ന മിശാലിനെ രക്ഷിക്കാനായത്‌.   അത്തരത്തിൽ പാശ്ചാത്യ രാഷ്‌ട്രങ്ങൾ കർക്കശനിലപാടിന്‌ തയ്യാറായാലേ പശ്ചിമേഷ്യയിലും ലോകത്തും സമാധാനത്തിന്‌ സാധ്യതയുള്ളൂ. തല തകർത്താൽ ഹമാസ്‌ ഇല്ലാതാവുമെന്ന്‌ സയണിസ്‌റ്റ്‌ വംശീയരാഷ്‌ട്രം കരുതുന്നുണ്ടെങ്കിൽ അത്‌ തെറ്റാണെന്ന്‌ മനസിലാക്കേണ്ട കാലംകഴിഞ്ഞു.

സ്വാതന്ത്ര്യ പോരാട്ടം തുടരും: 
ഹനിയയുടെ മകൻ
പലസ്‌തീന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ ശക്തമായി തുടരുമെന്ന്‌ കൊല്ലപ്പെട്ട ഹമാസ്‌ രാഷ്‌ട്രീയകാര്യ സമിതി തലവൻ ഇസ്‌മയിൽ ഹനിയയുടെ മകൻ അബ്‌ദുൾ സലാം ഹനിയ. "എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ ഇസ്രയേലിനെതിരായ പോരാട്ടം അവസാനിക്കില്ല. അദ്ദേഹത്തിനുനേരെ നാല്‌ തവണ വധശ്രമമുണ്ടായി.അദ്ദേഹം ആഗ്രഹിച്ചതുപോലെ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചു. പലസ്‌തീനിന്റെ ഐക്യത്തിനായും അധിനിവേശ ശക്തികൾക്കെതിരായും ശക്തമായ പ്രവർത്തനം തുടരും'അബ്‌ദുൾ സലാം ഹനിയ പറഞ്ഞു.

പിൻഗാമി ആര്‌
ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഹമാസിന്റെ നേതൃസ്ഥാനം ഇനി ആർക്കെന്ന ചർച്ച സജീവം. ഹമാസിന്റെ ഗാസാ ഘടകത്തിന്റെ തലവനും ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരനുമായ യഹിയ സിൻവറിന്റെ പേരാണ്‌  പ്രധാനമായും ഉയരുന്നത്‌. ഹമാസിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഇരുപതുവര്‍ഷത്തോളം ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞ സിന്‍വര്‍ 2011ലാണ് ഗാസയില്‍ തിരിച്ചെത്തിയത്. കുറ്റവാളികളുടെ കൈമാറ്റത്തിലൂടെയായിരുന്നു സിന്‍വറിന്റെ തിരിച്ചുവരവ്. മുതിർന്ന നേതാക്കളായ ഖലീദ്‌ മെഷാൽ, സഹെർ ജബറീൻ, ഖലീൽ അൽഹയ്യ എന്നിവർക്കും സാധ്യതയുണ്ടെന്ന്‌ റിപ്പോര്‍ട്ടുണ്ട്. ഹനിയയ്ക്കുശേഷം അധികാരം ഏറ്റെടുക്കേണ്ടിയിരുന്ന സലേഹ്‌ അറൗറി ജനുവരിയിൽ  കൊല്ലപ്പെട്ടിരുന്നു.

വെസ്റ്റ്‌ബാങ്കില്‍ 
വിലാപയാത്ര
ഹമാസ്‌ നേതാവ്‌ ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ വെസ്റ്റ്‌ബാങ്കിൽ വിലാപയാത്ര. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യം മുഴക്കി നൂറുകണക്കിന്‌ പലസ്തീനികൾ അണിനിരന്നു. പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ രാജ്യത്ത്‌ ഒരു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top