22 November Friday
ഹാഷെം സഫീദിൻ 
ഹിസ്ബുള്ള തലവനായേക്കും

ഹിസ്‌ബുള്ള തലവനെ 
ഇസ്രയേൽ കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


ബെയ്‌റൂട്ട്‌
ഇസ്രയേൽ ആക്രമണത്തിൽ ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ മേധാവി ഹസൻ നസറള്ള (64) കൊല്ലപ്പെട്ടു. സ്ഥാപകനേതാക്കളിൽ ഒരാളാണ്‌. വെള്ളി വൈകിട്ട്‌ ലബനൻ തലസ്ഥാനം ബെയ്‌റൂട്ടിലെ ദഹിയേയിൽ ഹിസ്‌ബുള്ള ആസ്ഥാനത്തേക്ക്‌ നടത്തിയ വ്യോമാക്രമണത്തിൽ നസറള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. ശനിയാഴ്ച ഹിസ്‌ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലബനനും പലസ്തീനും വേണ്ടിയുള്ള വിശുദ്ധയുദ്ധം തുടരുമെന്നും പ്രസ്താവനയിൽ അറിയിച്ചു. ലബനനിലേക്കുള്ള ആക്രമണം തുടരുമെന്ന്‌ പ്രഖ്യാപിച്ച്‌ യു എൻ പൊതുസഭാ സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസംഗിച്ച ഉടനായിരുന്നു ആക്രമണം. നസറള്ളയുടെ വധത്തോടെ ഹിസ്‌ബുള്ളയുടെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടെന്നും എന്നാൽ ആക്രമണം അവസാനിക്കുന്നില്ലെന്നും ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു.

ആക്രമണത്തിൽ ഹിസ്‌ബുള്ള സതേൺ ഫ്രണ്ട്‌ കമാൻഡർ അലി കർകിയും മറ്റ്‌ കമാൻഡർമാരുമുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ഇറാൻ റവല്യൂഷണറി ഗാർഡ്‌ ഡപ്യൂട്ടി കമാൻഡർ അബ്ബാസ്‌ നിൽഫൊറുഷ(58)നും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനും പിന്തുടരലിനും ഒടുവിലാണ്‌ നസറള്ളയുടെ വധമെന്ന്‌ ഇസ്രയേൽ സൈന്യം അറിയിച്ചു. നസറള്ളയ്ക്ക്‌ ആദരമർപ്പിച്ച ഹമാസ്‌, നേതാക്കളുടെ വധം ലബനൻ ജനതയുടെ പ്രതിരോധത്തിന്‌ ശക്തിപകരുമെന്ന്‌ പറഞ്ഞു. ഇസ്രയേലിലെ സയണിസ്‌റ്റ്‌ ഭരണത്തിന്റെ ഭീകരമുഖം ഒരിക്കൽക്കൂടി പുറത്തുവന്നതായി ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയി പ്രതികരിച്ചു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ ഹിസ്‌ബുള്ളയ്ക്കും ലബനനിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കുമൊപ്പം നിലകൊള്ളണം. ഹിസ്‌ബുള്ളയുടെ നേതൃത്വത്തിലുള്ള പ്രതിരോധസേനയാകും മേഖലയുടെ ഭാവി നിർണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഖമനേയിയെ കൂടുതൽ സുരക്ഷിതകേന്ദ്രത്തിലേക്ക്‌ മാറ്റിയതായും റിപ്പോർട്ടുണ്ട്‌.

1992ൽ മുപ്പത്തിരണ്ടാം വയസ്സിൽ ഹിസ്‌ബുള്ള സെക്രട്ടറി ജനറലായ നസറള്ള ഇസ്രയേൽ അതിക്രമങ്ങൾക്കും അതിന്‌ എല്ലാ പിന്തുണയും നൽകുന്ന അമേരിക്കയ്ക്കുമെതിരെ കടുത്ത നിലപാട്‌ എടുത്തു. 18 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച്‌ 2000ൽ ലബനനിൽനിന്ന്‌ ഇസ്രയേൽ സൈന്യത്തെ തുരത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇദ്ദേഹത്തിന്റെ മുൻഗാമി സയ്യെദ്‌ അബ്ബാസ്‌ അൽ മുസാവിയെയും ഇസ്രയേൽ വധിക്കുകയായിരുന്നു. അടുത്തിടെ ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിലൂടെ ഹിസ്‌ബുള്ള സൈനിക കമാൻഡർ ഫുവദ്‌ ഷുക്കൂറിനെ വധിച്ചപ്പോഴും പേജർ, വാക്കി ടോക്കി ആക്രമണങ്ങളിലൂടെ നിരവധിയാളുകളുടെ ജീവനെടുത്തപ്പോഴും ഇസ്രയേലിന്‌ അദ്ദേഹം ശക്തമായ ഭാഷയിൽ മുന്നറിയിപ്പ്‌ നൽകി. ഒഴുക്കോടെയും ശക്തമായ ഭാഷയിലുമുള്ള പ്രസംഗത്തിന്‌ പ്രസിദ്ധനായിരുന്നു. ഹിസ്‌ബുള്ള ഓപറേഷൻസ് കമാൻഡറായ ഇബ്രാഹിം അഖിൽ, ഏരിയൽ കമാൻഡ്‌ മേധാവി മുഹമ്മദ്‌ ഹുസൈൻ സുരുർ എന്നിവരെയും അടുത്ത ദിവസങ്ങളിലായി ഇസ്രയേൽ വധിച്ചിരുന്നു. 

‌‌ഹാഷെം സഫീദിൻ 
ഹിസ്ബുള്ള തലവനായേക്കും
ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്‌ബുള്ള തലവൻ ഹസൻ നസറള്ളയ്‌ക്ക്‌ പകരക്കാരനായി ബന്ധുവായ ഹാഷെം സഫീദിൻ എത്തിയേക്കുമെന്ന്‌ റിപ്പോർട്ടുകൾ. നിലവിൽ രാഷ്ട്രീയവിഭാഗത്തിന്റെ തലവനാണ്‌. ഹിസ്‌ബുള്ളയുടെ സൈനിക വിഭാഗത്തിനെയും സഫീദിനാണ്‌ നിയന്ത്രിക്കുന്നത്‌. ഇസ്രയേൽ ആക്രമണങ്ങളെ അതിജീവിച്ച സഫീദിനെ അമേരിക്ക 2017 ജൂണിൽ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. ഹിസ്‌ബുള്ളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ്‌ സഫീദിൻ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top