ടെൽ അവീവ്
പശ്ചിമേഷ്യയിലെമ്പാടും തലങ്ങും വിലങ്ങും ആക്രമണം നടത്തുന്ന ഇസ്രയേലിനെ പ്രതിസന്ധിയിലാക്കി സൈന്യത്തിൽ വൻ കൊഴിഞ്ഞുപോക്ക്. അധിക ജോലിസമ്മർദവും ബെന്യാമിൻ നെതന്യാഹു സർക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പുമാണ് ഉന്നത തസ്തികകളിൽനിന്നടക്കമുള്ള കൊഴിഞ്ഞുപോക്കിന് കാരണമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2024ൽ ഇതുവരെ സൈന്യത്തിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം വൻതോതിൽ സ്വയം പിരിഞ്ഞുപോയതായി ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയ്തു.
മേജർ റാങ്കിലുള്ള 500 പേരാണ് ആറുമാസത്തിനിടെ സേവനം അവസാനിപ്പിച്ചത്. അഞ്ച് ലഫ്‌റ്റനന്റ് കേണൽമാരും രാജിവച്ചു. യുദ്ധാരംഭത്തിൽത്തന്നെ ഇസ്രയേൽ സൈന്യം വേണ്ടത്ര മാനവശേഷിയില്ലാതെ ബുദ്ധിമുട്ടിയിരുന്നു. 2022ൽ 613 മേജർമാർ രാജിവച്ചു.സൈന്യവുമായി കൂടിയാലോചനയില്ലാതെ പുതിയ പുതിയ മേഖലകളിൽ കടന്നാക്രമണം നടത്താനുള്ള സർക്കാർ തീരുമാനം സൈനികരെ വൻ സമ്മർദത്തിലാക്കുന്നു. പലരും ഒരു വർഷത്തിലേറെയായി കുടുംബത്തെ കണ്ടിട്ടില്ല. രാജ്യത്തെമ്പാടും സർക്കാർ സംവിധാനങ്ങളിൽ ജീവനക്കാരുടെ കുറവ് പ്രത്യക്ഷമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേൽ ആക്രമണം ക്രൂരം: മാർപ്പാപ്പ
റോം
ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കുട്ടികളെ കൊന്നൊടുക്കുന്നത് യുദ്ധമല്ല, ക്രൂരതയാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വെള്ളിയാഴ്‌ച ഇസ്രയേൽ ആക്രമണത്തിൽ ഏഴുകുട്ടികൾ അടക്കം ഒരു കുടുംബത്തിലെ പത്തുപേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മാർപാപ്പയുടെ പ്രതികരണം. ഗാസയിൽ സമാധാനം കൊണ്ടുവരണമെന്ന് പ്രഖ്യാപിച്ച മാർപാപ്പ അധിനിവേശം നടത്തുന്നവരുടെ അഹങ്കാരം സമാധാനചർച്ചകൾക്ക് തടയിടുന്നതായും പ്രതികരിച്ചിരുന്നു. 2013ൽ പലസ്തീനെ സ്വതന്ത്രരാജ്യമായി വത്തിക്കാൻ അംഗീകരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..