22 December Sunday

ടെന്റുകളിലും ബോംബിട്ടു ; 19 പേർ കൊല്ലപ്പെട്ടു , മരണസംഖ്യ ഉയരാൻ സാധ്യത

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


ഗാസ സിറ്റി
തെക്കൻ ഗാസയിലെ മുവാസിയിൽ ജനങ്ങള്‍ ഇടതിങ്ങിപാര്‍ക്കുന്ന ടെന്റ്‌ ക്യാമ്പുകളിൽ ഉറങ്ങിക്കിടന്നവർക്കുമേൽ ഇസ്രയേൽ സൈന്യം ബോംബിട്ടു. 19 പേർ കൊല്ലപ്പെട്ടു. 60 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യത.  ഇസ്രയേൽ സൈന്യം സുരക്ഷിത മേഖലയെന്ന്‌ പ്രഖ്യാപിച്ചിരുന്ന കടലോര മേഖലയിലെ ടെന്റ്‌ ക്യാമ്പുകളിലേക്കാണ്‌ തിങ്കൾ രാത്രി ആക്രമണം നടത്തിയത്‌. മാരക പ്രഹരശേഷിയുള്ള, അമേരിക്കൻ നിർമിത എം കെ 84 ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്ത്‌ വലിയ ഗർത്തം രൂപപ്പെട്ടു. തകർന്ന ടെന്റുകളിൽനിന്ന്‌ രക്ഷാപ്രവർത്തകർ മൃതദേഹഭാഗങ്ങൾ പെറുക്കി മാറ്റുന്നതിന്റെ ദൃശ്യം പുറത്തുവന്നു. ഹമാസ്‌ നേതാക്കൾ ഒളിച്ചിരുന്ന ഇടമാണ്‌ ആക്രമിച്ചതെന്നാണ്‌ ഇസ്രയേൽ വാദം. അതിനിടെ, ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 41,000 കടന്നു.

അമേരിക്കൻ–- തുർക്കിയ വംശജയായ പലസ്തീന്‍ അനുകൂല പ്രക്ഷോഭകയെ കൊന്ന ഇസ്രയേൽ നടപടിയെ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അപലപിച്ചു. ആളറിയാതെ വെടിവെച്ചതാകാമെന്നാണ് ഇസ്രയേലിന്റെ പ്രതികരണം.

ഹമാസുമായി താൽക്കാലിക 
ധാരണയാകാമെന്ന്‌ യോവ്‌ ഗാലന്റ്‌
ഗാസ മുനമ്പിൽ വെടിനിർത്തൽ നടപ്പാക്കി ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി താൽക്കാലിക ധാരണയാകാമെന്ന്‌ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌. ആറാഴ്ചത്തേക്കെങ്കിലും വെടിനിർത്തിയാൽ ഹമാസ്‌ ബന്ദികളാക്കിയവരിൽ ജീവനോടെ  ശേഷിക്കുന്നവരെ മോചിപ്പിക്കാനാകും. വടക്ക്‌ ലബനൻ അതിർത്തിയിലെ സംഘർഷത്തിനും അയവുണ്ടാകും. എന്നാൽ,  ശാശ്വത വെടിനിർത്തലിനെപ്പറ്റി ഉറപ്പ്‌ നൽകാനാകില്ലെന്നും ഗാലന്റ്‌ പറഞ്ഞു. മുനമ്പിലെ കടന്നാക്രമണം പൂർണമായും അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേൽ അംഗീകരിക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top