22 November Friday

ഗാസയില്‍ 40 ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


ഗാസ സിറ്റി
ഒരു ദിവസത്തിനിടെ മധ്യ ഗാസയിലെയും തെക്കൻ ഗാസയിലെയും 40 ഇടങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന്‌ ഇസ്രയേൽ സൈന്യം. നിരവധി ഹമാസ്‌ പ്രവർത്തകർ കൊല്ലപ്പെട്ടതായും ഹമാസിന്റെ സൈനിക കേന്ദ്രം തകർത്തതായും ഇസ്രയേൽ അവകാശപ്പെട്ടു. 
       ഇസ്രയേൽ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കുട്ടികളും സ്‌ത്രീകളുമടങ്ങുന്ന സാധാരണക്കാരാണ്‌ കൊല്ലപ്പെട്ടതിലേറെയും.

അതിനിടെ മേഖലയിലെ സ്ഥിതിഗതികൾ ചർച്ചചെയ്യാനായി പലസ്‌തീൻ അതോറിറ്റി പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ തുർക്കിയ പ്രസിഡന്റ്‌ റെജബ്‌ തയ്യിപ്‌ എർദോഗനുമായി കൂടിക്കാഴ്‌ച നടത്തി.ഖാൻ യൂനിസിൽ നിലയുറപ്പിച്ച സൈനികരെ ലക്ഷ്യമിട്ട്‌ ഹമാസ്‌ രണ്ട്‌ മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. സൈനികർ നിലയുറപ്പിച്ച സ്ഥലത്തിന്‌ ഒന്നരകിലോമീറ്റർ അകലെ മിസൈൽ പതിച്ചെന്ന്‌ സൈനിക വക്താവ്‌ പറഞ്ഞു.

നാല്‌ ദിവസം പ്രായമായ ഇരട്ടകളും കൊല്ലപ്പെട്ടു
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ നാലുദിവസം പ്രായമുള്ള ഇരട്ടകളും. പിതാവ് കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റിനായി പ്രാദേശിക ഓഫീസിൽ പോയപ്പോഴാണ് കുടുംബം അഭയംതേടിയ വീട്ടില്‍ ഇസ്രയേല്‍ ഷെല്‍ പതിച്ചത്. നാല് ദിവസം പ്രായമായ ആൺകുഞ്ഞും പെൺകുഞ്ഞും അവരുടെ അമ്മയും അമ്മൂമ്മയും കൊല്ലപ്പെട്ടു.

വീട് പൂർണമായും തകർന്നു. മുന്നറിയിപ്പിനെ തുടർന്ന് ​ഗാസമുനമ്പിലെ സുരക്ഷിതസ്ഥാനത്തേക്ക് മാറിയ കുടുംബമാണ് ആക്രമണത്തിനിരയായത്‌.
ഒക്‌ടോബർ 7ന്‌ ഇസ്രയേൽ കടന്നാക്രമണം തുടങ്ങിയ ശേഷം ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 17,000 കടന്നു. രണ്ട്‌ വയസിന്‌ താഴെയുള്ള 2,100 കുട്ടികളും ഇതിൽപ്പെടും. ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 39,965 ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top