ഗാസ സിറ്റി
തെക്കൻ ഗാസയ്ക്ക് പിന്നാലെ, മുനമ്പിന്റെ മധ്യഭാഗത്തേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. മധ്യ ഗാസയിലെ ദെയ്‌ർ അൽ ബലായിൽനിന്ന് ആളുകളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. ഇവിടങ്ങളിൽ വരുംദിനങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. മുനമ്പിൽ ബുധൻ വൈകിട്ടുവരെയുള്ള 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. 124 പേർക്ക് പരിക്കേറ്റു.
അതിനിടെ, ലബനനിലേക്ക് ആക്രമണം നടത്തി അൽ അഖ്‌സ മർത്യേഴ്‌സ് ബ്രിഗേഡ് കമാൻഡർ ഖലീൽ അൽ മുഖ്‌ദായെ വധിച്ച ഇസ്രയേൽ നടപടിക്ക് കനത്ത തിരിച്ചടി നൽകി ഹിസ്‌ബുള്ള. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലേക്ക് റോക്കറ്റ് ആക്രമണം നടത്തി. 200 റോക്കറ്റുകളാണ് അയച്ചത്. വരുംദിനങ്ങളിൽ ലബനൻ അതിർത്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
അതേസമയം, ഗാസയിലെ കടന്നാക്രമണം തുടങ്ങിയ ശേഷം ഒമ്പതാം വട്ടം മധ്യപൗരസ്ത്യദേശം സന്ദർശിച്ച അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അമേരിക്കയിലേക്ക് മടങ്ങി. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ മധ്യസ്ഥ ചർച്ച നയിക്കുന്ന ഈജിപ്ത്, ഖത്തർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ചർച്ച ഫലപ്രാപ്തിയിൽ എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഫലപ്രദമായ തീരുമാനത്തിൽ എത്തിക്കാൻ ബ്ലിങ്കന് സാധിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..