08 October Tuesday

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


ഗാസ സിറ്റി
തൊണ്ണൂറ്റിരണ്ട്‌ ശതമാനം റോഡുകളും തകർന്നു. 84 ശതമാനം ആരോഗ്യ സ്ഥാപനങ്ങൾ നിലംപൊത്തി. ഓടകളും മാലിന്യസംസ്കരണ കേന്ദ്രങ്ങളുമടങ്ങുന്ന അടിസ്ഥാന സൗകര്യങ്ങളിൽ 67 ശതമാനവും തകർക്കപ്പെട്ടു. 510 കിലോമീറ്റർ വൈദ്യുതി ലൈനുകൾ പൂർണമായും നശിച്ചു.  2.15 ലക്ഷം വീടുകളും 1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി. ഇത്‌ മുനമ്പിലെ ആകെ കെട്ടിടങ്ങളുടെ 66 ശതമാനം വരും.

ഗാസ മുനമ്പിൽ ഒരു വർഷം പിന്നിട്ട ഇസ്രയേൽ കടന്നാക്രമണത്തിന്റെ ബാക്കിപത്രമാണിത്‌. 360 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള മുനമ്പിൽ ഇസ്രയേൽ ടാങ്കുകളും കവചിത വാഹനങ്ങളും കടന്നുചെല്ലാത്ത തരിമ്പ്‌ മണ്ണുപോലുമില്ല. കര, വ്യോമ, കടൽ ആക്രമണങ്ങളിൽ സ്കൂളുകളും ആശുപത്രികളും മസ്‌ജിദുകളുമടക്കം നിലംപൊത്തിയ മുനമ്പിൽ അവശേഷിക്കുന്നത്‌ കൽക്കൂമ്പാരങ്ങളും കോൺക്രീറ്റ്‌ കൂനകളും മാത്രം. കനത്ത ബോംബാക്രമണത്തിലും മിസൈൽ വർഷത്തിലും രൂപപ്പെട്ട അഗാധ ഗർത്തങ്ങൾ അനവധി. സർവതും നഷ്ടമായ ജനങ്ങൾ അഭയം തേടിയ ഇടങ്ങളിലെല്ലാം ഇസ്രയേൽ മിസൈലുകളും വെടിയുണ്ടകളും പിന്നാലെയെത്തി. മരിച്ചവരെ മറവുചെയ്ത ഖബർസ്ഥാനുകൾ പോലും കവചിത വാഹനങ്ങളും ടാങ്കുകളും കയറ്റി ഇടിച്ചുനിരത്തി.

വടക്കൻ ഗാസയിലാണ്‌ ഏറ്റവുമധികം നാശനഷ്ടം. ഗാസ സിറ്റിയിൽ 36,611 കെട്ടിടങ്ങൾക്കും തെക്ക്‌ ഖാൻ യൂനിസിൽ 19,000 എണ്ണത്തിനും കേടുപാടുണ്ടായി.
അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നൽകുന്ന ആയുധങ്ങളുപയോഗിച്ച്‌ ഗാസയിൽ ഇസ്രയേൽ തുടരുന്ന സംഹാരതാണ്ഡവത്തിൽ 420 ടൺ അവശിഷ്ടങ്ങൾ ഗാസയിൽ അടിഞ്ഞുകൂടിയതായാണ്‌ കണക്ക്‌. 2008 മുതൽ മറ്റ്‌ സംഘർഷങ്ങൾ മുനമ്പിലുണ്ടാക്കിയതിലും കൂടുതൽ അവശിഷ്ടങ്ങൾ ഒരു വർഷത്തെ ഇസ്രയേൽ ആക്രമണം സൃഷ്ടിച്ചിരിക്കുന്നു. അമേരിക്കയിലെ മാൻഹാട്ടനിൽ 843 ഏക്കറിലുള്ള സെൻട്രൽ പാർക്കിൽ ഇവ നിറച്ചാൽ 25 അടി ഉയരത്തിലുള്ള കൽക്കൂമ്പാരമാകും ലഭിക്കുക. ഇത്‌ പൂർണമായും നീക്കം ചെയ്യാൻ കുറഞ്ഞത്‌ 14 വർഷമാകും. 5460 കോടി രൂപ ചെലവാകും. ഇവ കുഴിച്ചിടാൻ മാത്രം അഞ്ച്‌ ചതുരശ്ര കിലോമീറ്റർ സ്ഥലം വേണ്ടിവരുമെന്നാണ്‌ യു എൻ ഏജൻസികൾ കണക്കാക്കുന്നത്‌. 

മഞ്ഞുകാലം ആസന്നമായിട്ടും ടെന്റുകൾ പോലുമില്ലാതെ മുനമ്പിൽ ഒമ്പതുലക്ഷം പേർ കഴിയുന്നതായാണ്‌ സന്നദ്ധ സംഘടനയായ ഷെൽറ്റർ ക്ലസ്‌റ്ററിന്റെ കണക്ക്‌. ഗാസ പൂർണരീതിയിൽ പുനർനിർമിക്കണമെങ്കിൽ  40 വർഷമെങ്കിലും എടുക്കുമെന്നും സംഘടന കണക്കാക്കുന്നു.തകർന്ന കെട്ടിടങ്ങളിൽനിന്നുള്ള പൊടിയും മാലിന്യങ്ങളും പൊട്ടിയൊഴുകുന്ന ഓടകളിൽനിന്ന്‌ നിരത്തുകളിൽ ഒഴുകുന്ന മലിനജലവും മറ്റ്‌ മാലിന്യങ്ങളുമെല്ലാം ചേർന്ന്‌ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും അനവധി. കെട്ടിടങ്ങൾക്കടിയിൽ ആയിരക്കണക്കിന്‌ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായും യു എൻ ഏജൻസികള്‍ റിപ്പോർട്ട്‌ ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top