ഗാസ സിറ്റി> ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയുടെ വിവിധയിടങ്ങളിലായി ഞായറാഴ്‌ച 35 പേർ കൊല്ലപ്പെട്ടു. 94 പേർക്ക് പരിക്കേറ്റു. ആക്രമണം രൂക്ഷമായ ഷുജൈയയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ബുറൈജിലും മഘാസിയിലും ആക്രമണത്തിൽ കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു. ശനിയാഴ്‌ച രാത്രി ഗാസയിലെ ആശുപത്രിയിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആശുപത്രിമേധാവിക്ക് ഗുരുതര പരിക്കേറ്റു. കമാൽ അദ്വാൻ ആശുപത്രിയുടെ മേധാവി ഡോക്ടർ ഹുസാം അബു സഫിയക്കാണ് ലോഹച്ചീളുകൾ മുതുകിലും തുടയിലും തുളഞ്ഞുകയറി മാരകമായി പരിക്കേറ്റത്.
അതേസമയം ലബനനിലെ ബെയ്‌റൂട്ടിൽ ശനിയാഴ്‌ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരണം 20 ആയി. തകർന്നുവീണ എട്ടുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പരിക്കേറ്റവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ ലബനന്റെ 40 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ 44,211 പേരും ലബനനിൽ 3,670 പേരും ഇതുവരെ കൊല്ലപ്പെട്ടു. ടെൽ അവീവിലെ ഇസ്രയേൽ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയതായി ഹിസ്‌ബുള്ള അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..