ബെയ്‌റൂട്ട്
ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചതോടെ യുദ്ധപ്രതീതിയിലായ ലബനനിൽ ജീവരക്ഷാർഥം ജനങ്ങൾ കൂട്ടപ്പലായനം ചെയ്യുന്നു. തെക്കൻ, കിഴക്കൻ മേഖലകളിൽനിന്നും സിറിയൻ അതിർത്തിയിലെ ബെകാ താഴ്‌വരയിൽനിന്നുമാണ് കൂട്ടപ്പലായനം. തലസ്ഥാനമായ ബെയ്‌റൂട്ട് ലക്ഷ്യമാക്കിയാണ് ജനങ്ങൾ നീങ്ങുന്നതെങ്കിലും അവിടേക്കും തുടർച്ചയായി വ്യോമാക്രമണം നടക്കുന്നു.
ലബനനെ മറ്റൊരു ഗാസയാക്കരുതെന്ന യു എൻ മുന്നറിയിപ്പ് കാറ്റിൽപ്പറത്തിയാണ് ഇസ്രയേൽ അതിർത്തി കടന്നുള്ള ആക്രമണം രൂക്ഷമാക്കിയത്. ഏതാനും ദിവസങ്ങളിലായി ഇസ്രയേൽ വ്യോമാക്രമണത്തിൽ 90,530 പേർ ഭവനരഹിതരായെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു. ഇതിൽ 40,000 പേർ താൽക്കാലിക അഭയകേന്ദ്രങ്ങളിലാണ്.ബുധനാഴ്ച ഇസ്രയേൽആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. 223 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ 561 പേർ കൊല്ലപ്പെട്ടിരുന്നു.
ലബനനിൽ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു. ഇതിനായുള്ള മുന്നൊരുക്കമാണ് വ്യോമാക്രമണം. റിസർവ് പട്ടാളക്കാരോട് വടക്കൻ അതിർത്തിയിൽ കേന്ദ്രീകരിക്കാൻ ഉത്തരവിട്ടു. ഹിസ്‌ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട 60 ഇടങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.
ടെൽ അവീവിലെ മൊസാദ് ആസ്ഥാനത്തേക്ക് ഹിസ്‌ബുള്ള ബാലിസ്‌റ്റിക് മിസൈൽ അയച്ചു. കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ റോക്കറ്റ് വിഭാഗം മേധാവി ഇബ്രാഹിം മുഹമ്മദ് ഖൊബെയ്‌സി കൊല്ലപ്പെട്ടതായി ഹിസ്‌ബുള്ള സ്ഥിരീകരിച്ചു.അതിനിടെ, ഇസ്രയേൽ ലബനനിലേക്ക് നടത്തുന്ന ആക്രമണത്തെ യു എൻ പൊതുസഭാ സമ്മേളനത്തിൽ ചൈനീസ് വിദേശമന്ത്രി വാങ് യി നിശിതമായി വിമർശിച്ചു. ഈജിപ്ത്, ഇറാഖ്, ജോർദാൻ വിദേശമന്ത്രിമാരും ആക്രമണത്തെ അപലപിച്ചു. ലബനനിലുള്ള ബ്രിട്ടീഷ് പൗരർ എത്രയും വേഗം രാജ്യംവിടണമെന്ന് ബ്രിട്ടീഷ് സർക്കാർ നിര്‍ദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..