18 December Wednesday

ഇസ്രയേൽ ആക്രമണം ; പലസ്തീനിൽ കൊല്ലപ്പെട്ടത്‌ 12,799 വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024


ഗാസ സിറ്റി
‌പതിനാല്‌ മാസമായി ഗാസയിൽ ഇസ്രയേൽ തുടരുന്ന കടന്നാക്രമണത്തിൽ  കൊല്ലപ്പെട്ടത്‌ 12,799 പലസ്തീൻ വിദ്യാർഥികൾ. ഗാസയിലും വെസ്‌റ്റ്‌ ബാങ്കിലും കൂടിയാണിത്‌. 20,942 പേർക്ക്‌ പരിക്കേറ്റതായും പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അധ്യാപകരും അനധ്യാപകരുമായി 598 പേര്‍ കൊല്ലപ്പെട്ടു. 3801 പേർക്ക്‌ പരിക്കേറ്റു. വെസ്‌റ്റ്‌ ബാങ്കിൽ 538 വിദ്യാർഥികളും 158 അധ്യാപകരും അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. 425 വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ ആക്രമണമുണ്ടായി.

ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്‌. ഗാസ സിറ്റിയിൽ പത്തുപേർ കൊല്ലപ്പെട്ടു. കമാൽ അദ്‌വാൻ ആശുപത്രിയിലെ ജനറേറ്ററുകൾ ബോംബിട്ടു തകർത്തു.

വടക്കൻ മേഖലയിലെ ബെയ്‌ത്‌ ലാഹിയ അഭയാർഥി ക്യാമ്പിലേക്കുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. അതിനിടെ, സിറിയയുടെ പതനത്തോടെ ‘ചെറുത്തുനിൽപ്പിന്റെ അച്ചുതണ്ട്‌’ തകർന്നെന്നത്‌ മിഥ്യാധാരണയാണെന്ന്‌ ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനോയി പറഞ്ഞു. ‘‘ഹിസ്‌ബുള്ളയെ ഉന്മൂലനം ചെയ്യാമെന്നാണ്‌ ഇസ്രയേൽ കരുതുന്നത്‌. എന്നാൽ, ഇസ്രയേലാണ്‌ ഉന്മൂലനം ചെയ്യപ്പെടാൻ പോകുന്നത്‌’’–- തെഹ്‌റാനിൽ സ്ത്രീകളുടെ സംഘത്തെ അഭിസംബോധന ചെയ്യവെ ഖമനേയി പറഞ്ഞു.

ഇസ്രയേല്‍, ഹമാസ് 
ധാരണ അരികിലെന്ന്‌
ഗാസ വെടിനിർത്തലിൽ  ഇസ്രയേലും ഹമാസും ധാരണയ്ക്ക്‌ അരികിലെന്ന്‌ റിപ്പോർട്ട്‌. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സിനെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങളാണ്‌ വിവരം പുറത്തുവിട്ടത്‌. ഗാസയിൽനിന്ന്‌ ഇസ്രയേൽ സേനാപിന്മാറ്റം സംബന്ധിച്ച്‌ നിബന്ധനയിൽ ഹമാസ്‌ വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറായതായും കാറ്റ്‌സ്‌ അവകാശപ്പെട്ടു. അമേരിക്കയുടെയും ഈജിപ്തിന്റെയും ഖത്തറിന്റെയും മുൻകൈയിൽ നടക്കുന്ന ചർച്ചയിൽ പ്രധാന മാനദണ്ഡങ്ങളിൽ തീരുമാനമായിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top