റാമള്ള
ഗാസയിൽ കടന്നാക്രമണം രൂക്ഷമായി തുടരവെ, വെസ്‌റ്റ് ബാങ്കിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഇസ്രയേൽ. ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര ദേശീയതാവാദിയുമായ ഇറ്റാമർ ബെൻ ഗ്വീറിന്റെ നേതൃത്വത്തിൽ കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ മോസ്കിൽ ഇരച്ചുകയറി പ്രാർഥന നടത്തി.
മക്കയ്ക്കും മദീനയ്ക്കും ശേഷം ലോകമെങ്ങുമുള്ള മുസ്ലിങ്ങൾ ഏറ്റവും വിശുദ്ധമായി കണക്കാക്കുന്ന മൂന്നാമത്തെ മോസ്കാണ് അൽ അഖ്‌സ. ടെമ്പിൾ മൗണ്ട് എന്ന പേരിൽ ജൂതരും ഇവിടം വിശുദ്ധസ്ഥലമായി കണക്കാക്കുന്നു. ജൂത മതാചാരങ്ങൾക്ക് വിലക്കുള്ള ഇവിടെയാണ് ജൂതരുടെ വിശുദ്ധദിനത്തിൽ അതിക്രമിച്ചുകയറി ആരാധന നടത്തിയത്. ഇസ്രയേൽ സൈന്യം സുരക്ഷയൊരുക്കിയ പ്രാർഥനയിൽ ബെൻ ഗ്വീർ ‘ഹമാസിനെ തോൽപ്പിക്കു’മെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയും പുറത്തുവന്നു. ഈ സമയം മുസ്ലിങ്ങളെ മോസ്കിൽ പ്രവേശിക്കുന്നത് വിലക്കിയതായും റിപ്പോർട്ട്.
അൽ അഖ്‌സയിൽ പാലിക്കപ്പെടുന്ന മാനദണ്ഡങ്ങളുടെ ലംഘനമാണ് മന്ത്രി നടത്തിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.
മോസ്കിന്റെ നടത്തിപ്പ് ചുമതലയുള്ള ജോർദാൻ മുമ്പും ഇസ്രയേൽ നടത്തിയ ‘തൽസ്ഥിതി ലംഘനങ്ങളെ’ വിമർശിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..