26 December Thursday

നസറള്ള വധം: വഴികാട്ടി ഇറാൻ ചാരനെന്ന്‌ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ബെയ്‌റൂട്ട്‌
ഹിസ്‌ബുള്ള മേധാവി ഹസൻ നസറള്ളയെ വധിക്കാൻ ഇസ്രയേലിന്‌ സഹായകമായത്‌ ഇറാൻ ചാരൻ നൽകിയ വിവരമെന്ന്‌ റിപ്പോർട്ട്‌. ബെയ്‌റൂട്ട്‌ ദഹിയേയിൽ തുരങ്കത്തിലുള്ള ഹിസ്‌ബുള്ള ആസ്ഥാനത്ത്‌ നടക്കുന്ന യോഗത്തിൽ നസറള്ള നേരിട്ട്‌ പങ്കെടുക്കുമെന്ന വിവരം ചാരനാണ്‌ ഇസ്രയേൽ സൈന്യത്തിന്‌ ചോർത്തി നൽകിയതെന്നും ഫ്രഞ്ച്‌ പത്രം ലെ പരീസിയൻ റിപ്പോർട്ട്‌ ചെയ്തു.
ശനി പകൽ 1.30ഓടെയാണ്‌ നസറള്ളയെ വധിച്ചതായി ഇസ്രയേൽ സൈന്യം സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്‌. മാസങ്ങളായി നസറള്ളയെ ഇസ്രയേൽ നിരീക്ഷിച്ചുവരികയായിരുന്നെന്നും ഉചിതമായ സമയമെന്ന്‌ കരുതിയാണ്‌ ബെയ്‌റൂട്ടിലേക്ക്‌ ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്‌. 80 ബോംബുകളാണ്‌ ഹിസ്‌ബുള്ള ആസ്ഥാനത്തിനുമേൽ വർഷിച്ചത്‌.
യു എന്നിൽ പ്രസംഗിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ന്യൂയോർക്കിൽനിന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ്‌ നസറള്ളയെ വധിക്കാനുള്ള അന്തിമ ഉത്തരവ്‌ നൽകിയത്‌. ഇസ്രയേൽ ആക്രമണം നടത്തിയ ഇടത്തുനിന്ന്‌ ഹസൻ നസറള്ളയുടെ മൃതദേഹം കണ്ടെടുത്തു.

  ഇദ്ദേഹത്തിന്റെ മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ പറയുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിലായിരിക്കാം മരണമെന്നും നിഗമനം. ഖബറടക്കം ഉൾപ്പെടെ മറ്റ്‌ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

‘ഇസ്രയേലിനെതിരെ ഒന്നുചേരുക’

ഇസ്രയേൽ ആക്രമണം നേരിടാൻ ജനങ്ങൾ ഭിന്നതകൾ മറന്ന്‌ ഒന്നിച്ച്‌ അണിചേരണമെന്ന്‌ ലബനൻ സൈന്യം ആഹ്വാനം ചെയ്തു. 1975–- 1990 ആഭ്യന്തരയുദ്ധത്തിനുശേഷം കടുത്ത ഭിന്നതയിലാണ്‌ രാജ്യത്തെ വിവിധ വിഭാഗങ്ങൾ. ഭിന്നത മുതലെടുത്ത്‌ രാജ്യത്തെ തകർക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.

ഇസ്രയേൽ നീതി 
നടപ്പാക്കിയെന്ന്‌ ബൈഡനും, കമലയും

ഹിസ്‌ബുള്ള മേധാവി ഹസൻ നസറള്ളയെ വധിച്ചതിലൂടെ നാല്‌ പതിറ്റാണ്ടായി ഭീകരവാഴ്ചയുടെ ഇരകളായവർക്ക്‌ ഇസ്രയേൽ നീതി ലഭ്യമാക്കിയെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസും. ഗാസ വിഷയത്തില്‍ ഹമാസുമായി കൈകോർക്കുന്ന നിലപാടാണ്‌ നസറള്ള സ്വീകരിച്ചത്‌. ആയിരക്കണക്കിന്‌ അമേരിക്കക്കാരുടെയും ഇസ്രയേൽകാരുടെയും ലബനൻകാരുടെയും മരണത്തിന്‌ ഉത്തരവാദിയാണ്‌ നസറള്ളയെന്നും ബൈഡൻ പറഞ്ഞു.

യുദ്ധഭീതിയിൽ പശ്ചിമേഷ്യ

ലബനനിലേക്ക് ഇസ്രയേൽ ആക്രമണം വ്യാപകമാക്കിയതോടെ 12 ദിവസത്തിനിടെ യുദ്ധഭീതിയിലായി പശ്ചിമേഷ്യ.

സെപ്തംബർ 17–-18
ഹിസ്‌ബുള്ള അംഗങ്ങൾ ഉപയോഗിച്ചിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച്‌ ലബനനിൽ 37 മരണം.
  ഇസ്രയേൽ ചാരസംഘടനയായ മൊസാദാണ്‌ ആക്രമണത്തിനുപിന്നിലെന്ന്‌ ഹിസ്‌ബുള്ള ആരോപിക്കുന്നു.
സെപ്തംബർ 20
തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം. പ്രധാന കമാൻഡറടക്കം 55 പേര്‍ മരിച്ചു.
സെപ്‌തംബർ 23
പതിറ്റാണ്ടുകൾക്കുശേഷം ലബനൻ നേരിട്ട ഏറ്റവും മാരകമായ ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം 550 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളിലും തലസ്ഥാനത്തുമുള്ള 1,300 ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ്‌ ഇസ്രയേൽ വാദം.
സെപ്തംബർ 25–-26
ന്യൂയോർക്കിലെ യുഎൻ സമ്മേളനത്തിൽ സഖ്യകക്ഷികൾ അവതരിപ്പിച്ച വെടിനിർത്തൽ ശുപാർശ ഇസ്രയേൽ തള്ളി. ലബനനിൽ മരണസംഖ്യ 630 ആയി.
സെപ്തംബർ 27
യുഎൻ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു.
   തുടർന്ന്‌ ഹിസ്‌ബുള്ള നേതാവിനെ വധിക്കാനുള്ള നെതന്യാഹുവിന്റെ  ഉത്തരവിൽ ബെയ്‌റൂട്ടിലെ സംഘടനയുടെ പ്രധാനകേന്ദ്രത്തിൽ ആക്രമണം.
സെപ്തംബർ 28
30 വർഷമായി ഹിസ്ബുള്ള നേതാവായിരുന്ന ഹസൻ നസറള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top