22 November Friday

ലെബനനിൽ കരയുദ്ധം , ഇറാനു നേരെയും ഭീഷണി; വെടിനിർത്തൽ ആഹ്വാനം തള്ളി ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ബെയ്റൂട്ട്> ലോകത്തെ യുദ്ധഭീതിയിൽ ആഴ്ത്തി ലെബനനിൽ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേൽ.  ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള പരിമിതമായആക്രമണമെന്ന് അവകാശപ്പെട്ട് ഇസ്രയേൽ പ്രതിരോധ സേന അതിർത്തി കടന്നു.

ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിൽ അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ എത്തുമെന്ന് പെന്റഗണും വ്യക്തമാക്കിയതോടെ യുദ്ധഭീതി കനത്തു. പശ്ചിമേഷ്യൻ മേഖല യുദ്ധത്തിലേക്ക് തള്ളിവിടപ്പെടുന്നതോടെ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ സാമ്പത്തിക മേഖലയിലും പ്രതിഫലനങ്ങൾ ഉണ്ടാവും.

ഇസ്രയേലുമായി കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശത്തെ ചെറുക്കാൻ ഒരുങ്ങിയെന്നും യുദ്ധം ദീർഘകാലം നീണ്ടേക്കുമെന്നും ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് പരസ്യ പ്രതികരണം നടത്തുന്നത്.

ഇതിനിടെ  ഇറാന്‍ ഉട സ്വതന്ത്രമാകുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പരസ്യ പ്രഖ്യാപനം നടത്തി.

'എല്ലാ ദിവസവും, നിങ്ങളെ സ്വാധീനിക്കുന്നതിനായി ലെബനനെ പ്രതിരോധിക്കുമെന്നും ഗാസയെ പ്രതിരോധിക്കുമെന്നും പറഞ്ഞുള്ള തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന ഒരു ഭരണകൂടത്തെ നിങ്ങള്‍ കാണുന്നു. എന്നിട്ട് എല്ലാ ദിവസവും, ആ ഭരണകൂടം നമ്മുടെ പ്രദേശത്തെ കൂടുതല്‍ ഇരുട്ടിലേക്കും ആഴത്തിലുള്ള യുദ്ധത്തിലേക്കും ആഴ്ത്തുന്നു' ഇറാനിയന്‍ ഭാഷയിലുള്ള സബ് ടൈറ്റിലോട് കൂടി നെതന്യാഹു പുറത്തു വിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഇസ്രയേല്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. പക്ഷേ, ഞങ്ങളെ ആക്രമിച്ചാല്‍ തിരിച്ചും ആക്രമിക്കും.ഇസ്രയേലിന്റെ നീളന്‍കൈ എത്താത്ത സ്ഥലങ്ങള്‍ ഇറാനിലില്ല. പശ്ചിമേഷ്യയ്ക്ക് മുഴുവന്‍ ഇത് ബാധകമാണ് എന്ന ഭീഷണിയും നേരത്തെ നെതന്യാഹു നടത്തിയിരുന്നു.

കരയുദ്ധത്തിന്റെ സൂചന നല്‍കി ഇസ്രയേല്‍ സൈന്യം ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചിരുന്നു.

ലെബനനിലേക്കോ പലസ്തീന്‍ ഭൂപ്രദേശങ്ങളിലേക്കോ ഇറാന്റെ സൈന്യത്തെ അയക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഇസ്രയേലിനെതിരേ പൊരുതാനുള്ള ശേഷി അവിടത്തെ പോരാളികള്‍ക്കുണ്ടെന്നും ഇറാന്‍ വിദേശകാര്യവക്താവ് നാസര്‍ കനാനി പ്രതികരിച്ചു.

ബെയ്റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്. ഞായറാഴ്ച മാത്രം 100-ലധികം പേർ കൊല്ലപ്പെട്ടു. ഇതിനിടെ, ലെബനനിലെ വിവിധ വിദേശ എംബസികൾ ജീവനക്കാരെ ഒഴിപ്പിച്ചുതുടങ്ങി.

ഇരകളിൽ കുട്ടികളും സ്ത്രീകളും

ഇതുവരെ കൊല്ലപ്പെട്ടവരിൽ നൂറുകണക്കിന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലായിരുന്നു ആക്രമണപരമ്പരകള്‍. 2006ല്‍ ഹിസ്ബുള്ളയുമായി നടത്തിയ യുദ്ധത്തിനുശേഷമുള്ള ഇസ്രയേലിന്റെ ഏറ്റവും മാരകമായ ആക്രമണമാണിത്. 15 ആക്രമണങ്ങളിലായി 2000 വെടിക്കോപ്പുകള്‍ ഉപയോഗിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. കൂടുതല്‍ ആക്രമണം ഭയന്ന് നഴ്സറികളടക്കം വിദ്യാലയങ്ങള്‍ അടച്ചു. തെക്ക്, കിഴക്കന്‍ മേഖലകളിലേക്ക് ആക്രമണം ഉണ്ടാകുമെന്ന ഇസ്രയേല്‍ ഭീഷണിയെ തുടര്‍ന്ന് തിങ്കള്‍ മുതല്‍ ജനങ്ങള്‍ കൂട്ടമായി ബെയ്റൂട്ടിലേക്ക് പലായനം ചെയ്യുകയാണ്. അതിനിടെയാണ് തലസ്ഥാനത്തും ആക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ ആയുധപ്പുരകള്‍ക്ക് നേരേയും മറ്റ് താവളങ്ങള്‍ക്കുനേരേയും ആക്രമണമുണ്ടായി.

സെപ്തംബര്‍ 17ലെ പേജര്‍ ആക്രമണമായിരുന്നു നിലവില്‍ തുടരുന്ന ആക്രമണത്തിന്റെ തുടക്കം. ലെബനനിലും സിറിയയിലുമുണ്ടായിരുന്ന ഹിസ്ബുള്ള അംഗങ്ങളുടെ കയ്യിലുണ്ടായിരുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികളുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. നാലായിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്.

സെപ്തംബര്‍ 18ന് പേജറുകള്‍ക്കൊപ്പം വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. 14 പേര്‍ കൊല്ലപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെപ്തംബര്‍ 19ന് ഇസ്രയേലിന് നേരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. 20ന് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ കൊല്ലപ്പെട്ടു. 37 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ മിലിട്ടറി കമാന്‍ഡര്‍ ഇബ്രാഹി അകിലും ആ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 21ന് ഇസ്രയേല്‍ ലെബനനിലെ 400 ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി.

തൊട്ടടുത്ത ദിവസങ്ങളിലെല്ലാം ഇസ്രയേലിന്റേയും ഹിസ്ബുള്ളയുടേയും ആക്രമണ പരമ്പര തുടർന്നു. 23ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട 558 ആളുകളായിരുന്നു. അതുവരെയുണ്ടായ കൂടിയ പ്രതിദിന കണക്ക്. രണ്ട് ദിവസം വീണ്ടും ശക്തമായ ആക്രമണങ്ങള്‍ തുടരുകയും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ഇതോടെയാണ് വെടിനിർത്തൽ ആഹ്വാനമുണ്ടായത്. എന്നാൽ പലതരത്തില്‍ തങ്ങള്‍ യുദ്ധം ജയിക്കുകയാണെന്നാണ് സെപ്തംബര്‍ 27ന് യു.എന്‍ പൊതുസഭയില്‍ നെതന്യാഹു അവകാശപ്പെട്ടത്.

 

 

വെടിനിർത്തൽ ആഹ്വാനം തള്ളി

യൂറോപ്യന്‍ യൂണിയനും യു.കെയും അറബ് രാജ്യങ്ങളും ഉള്‍പ്പെടുന്ന 12 രാജ്യങ്ങളുടെ സഖ്യം ലെബനനിൽ 21 ദിവസത്തെ വെടി നിർത്തൽ ആവശ്യപ്പെട്ടിരുന്നു. ഇത് ഇസ്രയേൽ തള്ളിക്കളയുകയാണുണ്ടായത്. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സംയുക്ത പ്രസ്താവന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമാണ് പുറത്തുവിട്ടത്.

സെപ്തംബര്‍ രണ്ടാംവാരം മുതല്‍ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണം ഗുരുതരമായ ദുരിതത്തിലേക്കാണ് ലെബനന്‍ മേഖലയെ കൊണ്ടെത്തിച്ചത്. ആയിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പതിനായിരത്തോളം പേർ രാജ്യം വിട്ട് സിറിയയിൽ അഭയം തേടി.  

ഒക്ടോബര്‍ ഒമ്പത് മുതല്‍ ഇസ്രഈല്‍ സൈന്യം ഗസയില്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 41,615 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

രക്ഷാസമിതിയിൽ ഭിന്നത

അതിനിടെ ഗാസ, യുക്രൈന്‍, സുഡാന്‍ എന്നിവിടങ്ങളിലെ യുദ്ധം അവസാനിക്കാത്തതിനു കാരണം യു.എന്‍. രക്ഷാസമിതിയിലെ ഭിന്നതയാണെന്ന് വിമര്‍ശിച്ച് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും രംഗത്തെത്തി. യു.എന്‍. പ്രമാണരേഖയും അന്താരാഷ്ട്രനിയമവും ആവര്‍ത്തിച്ച് ലംഘിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് വിലകൊടുക്കേണ്ടിവരുന്നത് സാധാരണക്കാരാണ്. വീറ്റോ അധികാരമുള്ള രാജ്യമായ റഷ്യ, യുക്രൈനില്‍ അധിനിവേശം നടത്തിയത് യു.എന്‍. പ്രമാണരേഖയുടെ ലംഘനമാണ്. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട ഏതു നടപടിയെയും റഷ്യ തടയും. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കര്‍ക്കശ നടപടിയെടുക്കാനാകാത്തത് വീറ്റോ അധികാരമുള്ള യു.എസ്. ഇസ്രയേലിന്റെ അടുത്ത സഖ്യകക്ഷിയായതിനാലാണ്. സുഡാന്റെ കാര്യത്തിലാണെങ്കില്‍ പോരടിക്കുന്ന ജനറല്‍മാരെ പിന്തുണയ്ക്കുന്ന അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയാണ്. രക്ഷാസമിതിയംഗങ്ങള്‍ ഒന്നിച്ചുനില്‍ക്കുകയും യു.എന്‍. പ്രമാണരേഖയും അന്താരാഷ്ട്രനിയമവും പാലിക്കുകയും ചെയ്താന്‍ യുക്രൈനിലും ഗാസയിലും സുഡാനിലും സമാധാനം സാധ്യമാക്കാമെന്നാണ് ഗുട്ടെറസ് പറഞ്ഞത്. ലെബനന്‍ മറ്റൊരു ഗാസയാവരുത്, അത്തരമൊരു സാഹചര്യം ഏത് വിധേനെയും ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top