22 December Sunday
ലബനനും ഗാസയ്ക്കും പിന്നാലെ യെമനിലും ആക്രമണം

കൊലവെറിയുമായി ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ടെൽ അവീവ്‌/ ബെയ്‌റൂട്ട്‌
ഒരു വർഷത്തിനിടെ ഗാസയിൽ അരലക്ഷത്തോളം പേരെയും ലബനനിൽ 1640 പേരെയും കൊന്നൊടുക്കിയിട്ടും യുദ്ധവെറി  അടങ്ങാതെ ഇസ്രയേൽ.  ഹിസ്‌ബുള്ള മേധാവി ഹസൻ നസറള്ളയെ വധിച്ചതിന്‌ പിന്നാലെ, സെൻട്രൽ കൗൺസിൽ ഉപമേധാവി നബീൽ കൗക്കിനെയും വ്യോമാക്രമണത്തിൽ  കൊലപ്പെടുത്തി. സീനിയർ കമാൻഡർമാരിൽ ഒരാളായ അലി കരാകി നസറള്ളയ്ക്കൊപ്പം കൊല്ലപ്പെട്ടെന്നും ഹിസ്‌ബുള്ള സ്ഥിരീകരിച്ചു. തലസ്ഥാനമായ ബെയ്‌റൂട്ടിലേക്കും ലബനന്റെ മറ്റ്‌ ഭാഗങ്ങളിലേക്കും 24 മണിക്കൂറിൽ 216 വ്യോമാക്രമണങ്ങളാണ്‌ ഇസ്രയേൽ നടത്തിയത്‌.

അതിനിടെ,  ഞായറാഴ്ച   യെമനിലേക്കും ഇസ്രയേൽആക്രമണം നടത്തി. പോർവിമാനങ്ങൾ ഹൊദെയ്‌ദ തുറമുഖവും സമീപത്തെ വൈദ്യുതനിലയവും ആക്രമിച്ചു. ഹൂതി സൈനിക കേന്ദ്രങ്ങളാണ്‌ ആക്രമിച്ചതെന്നും ഇസ്രയേലിന്‌ എത്തിപ്പെടാനാകാത്ത ഒരിടവും ഇല്ലെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റ്‌ പറഞ്ഞു.
1980കൾ മുതൽ ഹിസ്‌ബുള്ള നേതൃത്വത്തിലുള്ള നബീൽ കൗക്ക്‌, 2006ൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ ഹിസ്‌ബുള്ളയുടെ തെക്കൻ മേഖലാ കമാൻഡറായിരുന്നു.  ആഴ്ചകൾക്കുള്ളിൽ ഇസ്രയേൽ കൊല്ലപ്പെടുത്തിയ ഏഴാമത്തെ ഉന്നത നേതാവാണ്‌.  

    നസറള്ളയുടെ വധം ചരിത്രത്തിലെ വഴിത്തിരിവും ഇസ്രയേലിന്റെ സുപ്രധാന നേട്ടവുമെന്നാണ്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്‌. ഗാസ കടന്നാക്രമണം അവസാനിപ്പിച്ച്‌ ബന്ദികളെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇസ്രയേലിൽ വൻ പ്രതിഷേധം തുടരുമ്പോഴാണ്‌ ലബനനിലേക്കും ആക്രമണം വ്യാപിപ്പിച്ചത്‌. ഭരണവിരുദ്ധ വികാരം വഴിതിരിച്ചുവിട്ട്‌  അധികാരത്തിൽ തുടരുകയാണ്‌ ലക്ഷ്യം. അതേസമയം കരയുദ്ധം ആസന്നമായതിന്റെ സൂചന നൽകി ഇസ്രയേൽ  ലബനൻ അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ചു.  ടാങ്കുകളും കവചിത വാഹനങ്ങളും അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്‌.    

നസറള്ളയുടെ ജീവനെടുത്തതിന്‌ പ്രതികാരംചെയ്യാതെ അടങ്ങില്ലെന്ന്‌ ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയി പ്രഖ്യാപിച്ചുകഴിഞ്ഞു. അമേരിക്കയുടെ സഹായത്തോടെ തുടർച്ചയായി പ്രകോപനങ്ങളുണ്ടാക്കി ഇറാനെയും യുദ്ധത്തിലേക്ക്‌ വലിച്ചിഴയ്ക്കാനാണ്‌ ഇസ്രയേൽ ശ്രമം. സമ്പൂർണയുദ്ധമായാൽ അമേരിക്കയ്‌ക്ക്‌ ഇടപെടാനുമാകും.  ഇറാന്റെ ആണവപദ്ധതി തകർക്കുകയെന്ന അമേരിക്കയുടെ ഗൂഢലക്ഷ്യവും പശ്ചിമേഷ്യൻ സാഹചര്യങ്ങൾ കലുഷിതമാക്കുന്നതിന്‌ പിന്നിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top